'ഇവിടെയാണ് നിങ്ങളുടെ ഡ്രോപ് ഓഫ് ലൊക്കേഷൻ, മാറ്റി ഇറക്കാൻ സാധിക്കില്ല'; പണം നൽകാതെ താൻ പോകുമെന്ന് യുവതി; 132 രൂപ ആരെയും പണക്കാരാക്കില്ലെന്ന് ടാക്സി ഡ്രൈവർ; വൈറലായി വീഡിയോ
ആപ്പ് വഴി ബുക്ക് ചെയ്ത ടാക്സിയിൽ ലൊക്കേഷനെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായി. യാത്രക്കാരി യാത്രാക്കൂലി നൽകാതെ ഇറങ്ങിപ്പോയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.132 രൂപയായിരുന്നു ടാക്സി ചാർജ്. എന്നാൽ, കൊടുത്ത ഡ്രോപ് ഓഫ് ലൊക്കേഷനിൽ നിന്നും കുറച്ചുകൂടി അകത്തേക്കാണ് യുവതിക്ക് പോകേണ്ടത്. അവർ ഡ്രൈവറോട് അവിടെ ഇറക്കാൻ പറയുന്നു.
എന്നാൽ, നിശ്ചയിച്ച ലൊക്കേഷനിൽ നിന്ന് മാറ്റി യാത്രക്കാരിയെ ഇറക്കാൻ സാധ്യമല്ലെന്ന് ഡ്രൈവർ നിലപാടെടുത്തു. ഇതേത്തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. 'ആ 132 രൂപ എന്നെയോ നിങ്ങളെയോ ധനികരാക്കില്ല, അത് തന്നില്ലെങ്കിലും കുഴപ്പമില്ല' എന്ന് ഡ്രൈവർ പറഞ്ഞതായി വീഡിയോയിൽ കേൾക്കാം. യാത്രാക്കൂലി നൽകാതെ ഇറങ്ങിപ്പോകുമെന്ന യുവതിയുടെ ഭീഷണിക്ക് ഇതാ പൊയ്ക്കോളൂ എന്നായിരുന്നു ഡ്രൈവറുടെ മറുപടി.
മറ്റ് ഡ്രൈവർമാർ ലൊക്കേഷൻ മാറ്റി ഇറക്കാറുണ്ടെന്നും, എന്ത് മോശം നേരത്താണ് നിൻ്റെ ടാക്സി പിടിക്കാൻ തോന്നിയതെന്നും യുവതി പ്രകോപിതയായി പറയുന്നതും വീഡിയോയിലുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. യുവതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി ശരിയായില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ഡ്രൈവറുമായി സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ അദ്ദേഹം ലൊക്കേഷൻ മാറ്റി നൽകാൻ തയ്യാറായേനെ എന്ന് ചിലർ ചൂണ്ടിക്കാട്ടി.