സീനിയേഴ്‌സിന്റെ ഉപദ്രവം താങ്ങാന്‍ വയ്യ; ബാറില്‍ കയറി മദ്യപിച്ച ശേഷം 10,000 രൂപയുടെ ബില്‍ അടപ്പിച്ചു: വീഡിയോ പങ്കുവെച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

Update: 2025-09-23 00:07 GMT

ഹൈദരാബാദ്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ മനംനൊന്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ഉപദ്രവം താങ്ങാന്‍ വയ്യെന്നും രക്ഷിക്കണമെന്നും മരണത്തിനു മിനിറ്റുകള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ജാദവ് പറഞ്ഞു.

'ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവര്‍ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാന്‍ കൊടുക്കേണ്ടി വന്നു' ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.

ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെ ആത്മഹത്യ ചെയ്യുക ആയിരുന്നു. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയില്‍ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News