മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് കനത്ത മഴ; വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ 19 ഗ്രാമങ്ങള്‍ ഇരുട്ടില്‍
നാന്ദേഡ്: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ പല ഗ്രാമങ്ങളിലും വെള്ളം കയറി. മിക്ക വൈദ്യുതി സംവിധാനങ്ങളും വെള്ളത്തിനടിയിലായതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മഹാവിതാരണിലെ നാന്ദേഡ് സര്‍ക്കിളിലെ പര്‍ഭാനി, ഹിംഗോളി എന്നിവിടങ്ങളിലെ വൈദ്യുതി സംവിധാനങ്ങളെയും കനത്ത മഴ ബാധിച്ചു. ഇത് ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മാര്‍ഗങ്ങളെയും ബാധിച്ചു. നാന്ദേഡ് ജില്ലയിലെ 19 ഗ്രാമങ്ങള്‍ ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളം ഇറങ്ങി സ്ഥിതിഗതികള്‍ നിയന്ത്രിച്ചതിനു ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കല്‍ പ്രായോഗികമാകൂവെന്ന് അധികൃതര്‍ പറയുന്നു.
സെപ്റ്റംബര്‍ 20 മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മറാത്ത്വാഡയില്‍ കനത്ത മഴ പെയ്തതിനാല്‍ വെള്ളപ്പൊക്കമുണ്ടായി. ഇത് കര്‍ഷകര്‍ക്ക് കടുത്ത വിളനാശവും ദുരിതവും സൃഷ്ടിച്ചു. പ്രളയബാധിത കര്‍ഷകര്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്നും ദീപാവലിക്ക് മുമ്പ് എല്ലാ കര്‍ഷകര്‍ക്കും ദുരിതാശ്വാസ ധനസഹായം എത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയിലുടനീളം സ്‌കൂളുകളും കോളജുകളും ഭാഗികമമായി അടഞ്ഞ അവസ്ഥയിലാണ്. നന്ദേഡിലെയും ലാത്തൂരിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന മഹാരാഷ്ട്ര സിവില്‍ സര്‍വിസസ് ഗസറ്റഡ് കമ്പൈന്‍ഡ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചതായി മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമീഷന്‍ അറിയിച്ചു. പ്രക്ഷുബ്ധമായ സാഹചര്യവും അപകടസാധ്യതയും കൂടുതലായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മഹാരാഷ്ട്രയിലുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.