ഇനി ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറിയാൽ പണി കിട്ടും; അങ്ങനെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ 50 പ്രത്യേകസംഘങ്ങള്‍; കർശന നിർദ്ദേശവുമായി അധികൃതർ

Update: 2025-09-28 17:11 GMT

ചെന്നൈ: അവധിക്കാലത്തും ഉത്സവവേളകളിലും റെയിൽവേ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിക്ക് ദക്ഷിണ റെയിൽവേ. ഇത് സംബന്ധിച്ച് 50 പ്രത്യേക സംഘങ്ങളെയാണ് റെയിൽവേ നിയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ആയുധപൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് തീവണ്ടികളിൽ പരിശോധന ഊർജ്ജിതമാക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയും, ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചുകളിൽ കയറുന്നവരെയും പിടികൂടാനാണ് ഈ നീക്കം.

ഓരോ സംഘത്തിലും രണ്ട് ടിക്കറ്റ് ഇൻസ്പെക്ടർമാർ, രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഉദ്യോഗസ്ഥർ, രണ്ട് റെയിൽവേ പോലീസുകാർ എന്നിവർ ഉൾപ്പെടുന്നു. ഇത്തരത്തിൽ പിടിയിലാകുന്ന യാത്രക്കാരിൽ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. ഉത്സവ സീസണുകളിൽ ദീർഘദൂര ട്രെയിനുകളിലും സ്പെഷ്യൽ ട്രെയിനുകളിലും യാത്രക്കാരുടെ വൻതിരക്കാണ് അനുഭവപ്പെടാറ്.

ഈ അവസരം മുതലെടുത്ത് ടിക്കറ്റില്ലാതെയും ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചുകളിൽ കയറുന്നവർ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇത് മോഷണങ്ങൾക്ക് വഴിവെക്കുന്നതായും നിരവധി പരാതികളാണ് റെയിൽവേയ്ക്ക് ലഭിച്ചിരുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി റെയിൽവേ യാത്ര സുരക്ഷിതമായിരിക്കില്ലെന്ന് ഇത് വ്യക്തമാക്കുന്നു.

Tags:    

Similar News