ഇത് വളരെ വേദനാജനകം; എനിക്ക് അഗാധമായ ദുഃഖമുണ്ട്; പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നടൻ വിജയ് നയിച്ച റാലിയിൽ പങ്കെടുത്തവർക്കിടയിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഈ ദാരുണ സംഭവത്തിൽ നടൻ മമ്മൂട്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മമ്മൂട്ടി, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തിൽ 111 പേർക്ക് പരിക്കേൽക്കുകയും ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. ഇതിൽ 39 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കരൂർ സ്വദേശികളാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിയ കവിൻ എന്നയാൾക്കാണ് ഇന്നലെ അവസാനമായി ജീവൻ നഷ്ടപ്പെട്ടത്.
സംഭവത്തെ തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തൻ്റെ സംസ്ഥാന പര്യടനം നിർത്തിവെച്ചിരുന്നു. ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പോലീസും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്.
ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെടും.