കുപ്പിയില്‍ നിന്നും വെള്ളം ദേഹത്തേക്ക് തെറിച്ചു; മൂത്രമല്ലെന്ന് തെളിയിക്കണമെന്ന് ആവശ്യം; 60കാരനെ നിര്‍ബന്ധിച്ച് കുടിപ്പിച്ചു
ലഖ്‌നോ: കുപ്പിയില്‍ നിന്നും ദേഹത്തേക്ക് തെറിച്ചുവീണ വെള്ളം മൂത്രമല്ലെന്ന് തെളിയിക്കാന്‍ ഉത്തര്‍പ്രദേശില്‍ ദലിത് വയോധികനെ നിര്‍ബന്ധപൂര്‍വം അതേ കുപ്പിയിലെ വെള്ളം കുടിപ്പിച്ചതായി പരാതി. 60വയസുള്ള ദലിത് വയോധികനെയാണ് മൂത്രമല്ലെന്ന് തെളിയിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വം വെള്ളം കുടിപ്പിച്ചത്. ഇദ്ദേഹത്തിനെതിരെ ജാതീയ അധിക്ഷേപവും നടത്തിയതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവത്തില്‍ പ്രദേശവാസിയായ 62കാരന്‍ അറസ്റ്റിലായി.
കാകോരി ക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രപരിസരത്ത് ഇരിക്കുകയായിരുന്ന സ്വാമി കാന്തിന്റെ ദേഹത്തേക്ക് ഒരു വാട്ടര്‍ബോട്ടിലിലെ വെള്ളം അബദ്ധത്തില്‍ തെറിച്ചു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന രാംപാല്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചതാണെന്ന് കരുതി സ്വാമി കാന്ത് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോപണം രാം പാല്‍ നിഷേധിച്ചു.
എന്നാല്‍ തന്റെ ദേഹത്ത് തെറിച്ചുവീണ വെള്ളത്തുള്ളികള്‍ രുചിച്ചുനോക്കി അത് മൂത്രമല്ലെന്ന് ഉറപ്പുവരുത്താന്‍ സ്വാമി കാന്ത് രാംപാലിനെ നിര്‍ബന്ധിച്ചു.അങ്ങനെ ചെയ്തതിന് ശേഷം രാംപാല്‍ വീട്ടിലേക്ക് തിരിച്ചുപോയി. പിറ്റേദിവസം ബന്ധുക്കള്‍ക്കൊപ്പമെത്തി രാംപാല്‍ കാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കാകോരി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതിനു ശേഷം കാന്തിനെ അറസ്റ്റ് ചെയ്തു. സ്വാമി കാന്ത് പിന്നാക്ക വിഭാഗക്കാരനാണ്. എല്ലാ ദിവസവും വൈകീട്ട് രാംപാല്‍ ക്ഷേത്രത്തിന്റെ വരാന്തയില്‍ വന്നിരിക്കാറുണ്ട്. ചോദ്യം ചെയ്യുന്നതിനിടെ താന്‍ വെള്ളം തൊട്ടുനോക്കാനാണ് രാംപാലിനോട് പറഞ്ഞത് എന്നാണ് കാന്ത് അവകാശപ്പെട്ടത്.