മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; രഹസ്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചു: പോലിസിനെതിരെ ഗുരുതര ആരോപണവുമായി ജ്വല്ലറി ജീവനക്കാരന്‍

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു; ആരോപണവുമായി ജ്വല്ലറി ജീവനക്കാരന്‍

Update: 2026-01-16 01:11 GMT

പട്‌ന: ജോലി ചെയ്ത ജ്വല്ലറിയില്‍ നിന്നും 60 ഗ്രാം സ്വര്‍ണം മോഷണം പോയതിനെ തുടര്‍ന്ന് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മര്‍ദിച്ച് അവശനാക്കിയ ശേഷം രഹസ്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തെന്ന് ജ്വല്ലറി ജീവനക്കാരന്‍ ആരോപിച്ചു. ബിഹാറിലാണ് സംഭവം. ഒടുവില്‍ മോഷണക്കുറ്റത്തിന് ഇയാള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പോലിസ് വിട്ടയച്ചു. എന്നാല്‍ പോലിസ് കസ്റ്റഡിയല്‍ കൊടിയ മര്‍ദനം നേരിടേണ്ടി വന്നതായി ജീവനക്കാരന്‍ പറഞ്ഞു.

ഡിസംബറില്‍ സമസ്തിപുരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 60 ഗ്രാം സ്വര്‍ണം മോഷ്ടിച്ച കേസില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന കടയുടെ ഉടമ ഡിസംബര്‍ 31 ന് ഇവരെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നാലു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമാണ് വിട്ടയച്ചത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കൂടാതെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചതായും സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചതായും പരാതിയില്‍ പറയുന്നു. ഇയാളെ മോചിപ്പിക്കാന്‍ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. വെറുതെവിടണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന് പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം ഇയാളുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സൂപ്രണ്ട് അരവിന്ദ് പ്രതാപ് സിങ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News