ഇറാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി; മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍; നേരിട്ടുള്ള ഒഴിപ്പിക്കല്‍ ഇപ്പോഴില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2026-01-17 07:00 GMT

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ടെഹ്‌റാനില്‍ നിന്നുള്ള മഹാന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ഇവര്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. തീര്‍ത്ഥാടനത്തിന് പോയവരും ഇക്കൂട്ടത്തിലുണ്ട്. ഇറാനില്‍ നിലവില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്ത് മടങ്ങിയെത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഇറാന്‍ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്‍ വ്യോമപാത നിലവില്‍ തുറന്നിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Similar News