ഇന്ധനടാങ്കിന് മുകളിലിരുന്ന് കെട്ടിപ്പിടിച്ച് കാമുകി; സാഹസികമായി ബൈക്കോടിച്ച് യുവാവ്; കാറിലെ യാത്രക്കാന് പകര്‍ത്തിയ ദൃശ്യം വൈറലായതോടെ 53,500 രൂപ പിഴ
ഇന്ധനടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി ബൈക്കോടിച്ച യുവാവിന് പിഴ
ലഖ്നോ: ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയില്‍ കാമുകിക്ക് ഒപ്പം ബൈക്കില്‍ സാഹസിക യാത്ര നടത്തിയ യുവാവിന് പിഴയിട്ട് ട്രാഫിക് പൊലീസ്. ബൈക്കിന്റെ ഇന്ധനടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി ബൈക്കോടിച്ച യുവാവില്‍ നിന്നും 53,500 രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. യുവാവിന് അഭിമുഖമായി ഇരുന്ന് ആലിംഗനം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. അതിലൂടെ കടന്നുപോയ ഒരു കാറിലെ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ കൈയില്‍ ഒരു ഹെല്‍മെറ്റ് ഉള്ളതായി വിഡിയോയില്‍ കാണാം. ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ക്ലിപ്പില്‍ വ്യക്തമായി കാണാം. നോയിഡ എക്സ്പ്രസ് വേയിലെ സി.സി.ടി.വി കാമറകളിലും ഇവരുടെ അഭ്യാസ പ്രകടനം പതിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പൊലീസ് 53,500 രൂപ പിഴ ഈടാക്കിയത്.
അപകടകരമായ ഡ്രൈവിങ്, ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുക, അധികാരികളുടെ നിയമാനുസൃതമായ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുക തുടങ്ങി മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയത്.