വിദ്യാര്‍ത്ഥിനിയെ എലി കടിച്ചത് 15 തവണ; ആന്റി റാബീസ് വാക്സിന്‍ നല്‍കിയത് ഓവര്‍ഡോസായി; ശരീരം തളര്‍ന്നു പത്താംക്ലാസുകാരി

വിദ്യാര്‍ത്ഥിനിയെ എലി കടിച്ചത് 15 തവണ

Update: 2024-12-18 07:34 GMT

ഹൈദരാബാദ്: എലി കടിച്ചതിനെത്തുടര്‍ന്ന് പേവിഷ ബാധയ്ക്കെതിരായ വാക്സിന്റെ അളവ് കൂടിയതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥിനി ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ കുട്ടികള്‍ക്കെല്ലാം ആന്റി റാബിസ് വാക്‌സിന്‍ നല്‍കുകയും ചെയ്തിരുന്നു. വാക്‌സിന്‍ അമിതമായി നല്‍കിയതാണ് ശരീരം തളരാന്‍ ഇടയായതെന്നാണ് ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്.

കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്സിന്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയെക്കുറിച്ച് അവള്‍ പരാതിപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ അവള്‍ക്ക് ഓവര്‍ഡോസ് നല്‍കി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് എലിയുടെ കടി നിസാരമായതിനാല്‍ അവര്‍ക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.

എലി കടിച്ചപ്പോഴെല്ലാം അധ്യാപകര്‍ പണം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി, വാക്സിന്‍ കുത്തിവെക്കുകയായിരുന്നു. ജീവനക്കാര്‍ അമ്മയെ പോലും അറിയിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി കീര്‍ത്തി പറഞ്ഞു. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയും, അമ്മ ഹോസ്റ്റലിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Tags:    

Similar News