ഹൈദരാബാദിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്റെ കൊലപാതകം; തെളിവെടുപ്പിനിടെ കര്‍ണാടക പൊലീസിനെ വെട്ടിച്ച് ജനല്‍ വഴി രക്ഷപ്പെട്ട് പ്രതികളിലൊരാള്‍
റിയൽ എസ്റ്റേറ്റ് ഇടപാടുകാരന്റെ കൊലപാതകം: പ്രതി തെളിവെടുപ്പിനിടെ ജനൽ വഴി രക്ഷപ്പെട്ടു
കര്‍ണാടക: സ്വത്തു തട്ടിയെടുക്കുന്നതിനായി ഹൈദരാബാദ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനെ ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുടക് ജില്ലയിലെ തോട്ടത്തിലെത്തിച്ചു കത്തിച്ച കേസിലെ പ്രതികളിലൊരാള്‍ തെളിവെടുപ്പിനിടെ കടന്നു. ഹരിയാന സ്വദേശി അങ്കൂര്‍ റാണയാണ് തെളിവെടുപ്പ് നടപടികളുടെ ഇടയില്‍ തെലങ്കാന ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തു കാവല്‍ ഉണ്ടായിരുന്ന കര്‍ണാടക പൊലീസിനെ വെട്ടിച്ചു ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രമേഷ് കുമാറിനെയാണ് സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. രമേഷ് കുമാര്‍ കൊല്ലപ്പെട്ട ഹൈദരാബാദില്‍ നിന്നു 30 കിലോമീറ്റര്‍ മാറി ഉപ്പലിലെ ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ ആയിരുന്നു താമസം. തെലങ്കാന പൊലീസിന്റെ സഹായത്തോടെ കര്‍ണാടകയില്‍ നിന്നുള്ള അന്വേഷണ സംഘം അങ്കൂര്‍ റാണയെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ മാസം 10ന് ആണ് പകുതി കത്തിയ മൃതദേഹം സുണ്ടിക്കുപ്പയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രമേഷ് കുമാറിന്റെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ഐടി ജീവനക്കാരി തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശികളായ അങ്കൂര്‍ റാണ, നിഖില്‍ എന്നിവരെയാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അങ്കൂര്‍ റാണയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.