പുതുവര്‍ഷ ആഘോഷ രാവില്‍ റെക്കോർഡ് മദ്യവിൽപ്പന; കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി വിൽപ്പന

Update: 2025-01-01 05:54 GMT

ബംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ റെക്കോർഡ് മദ്യവിൽപ്പന. അരദിവസം മാത്രം 308 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്നാണ് വിവരം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. എന്നാൽ മുഴുവൻ ദിവസത്തെ കണക്കുകൾ ഇനിയും പുറത്ത് വരാനുണ്ട്. ഈ വിവരങ്ങൾ കൂടി പുറത്ത് വന്നാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

എക്സൈസ് വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്. ഏറ്റവും കൂടുതൽ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ബജറ്റിൽ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇതും മദ്യവിൽപ്പനയിൽ ലാഭമുണ്ടാക്കി.

പ്രതിദിനം 100 കോടി രൂപയുടെ മദ്യമാണ് കർണാടകയിൽ വിറ്റഴിക്കുന്നത്. എന്നാൽ, ഡിസംബർ 27ന് സർക്കാർ അവധിയായതിനാൽ മദ്യം വാങ്ങാൻ കഴിഞ്ഞില്ല. ഡിസംബർ 28 ന്, കർണാടക സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെഎസ്ബിസിഎൽ) ഡിപ്പോകൾ മദ്യ ലൈസൻസ് ഉടമകൾക്ക് വായ്പാ സൗകര്യം അനുവദിച്ചു, ഇത് റെക്കോർഡ് വിൽപ്പനയ്ക്ക് കാരണമായി എന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറി ബി ഗോവിന്ദരാജു പറഞ്ഞു.

Tags:    

Similar News