മധ്യപ്രദേശില്‍ കനത്ത മഴ; വിമാനത്താവളത്തിന്റെ സുരക്ഷാ ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു; മതിലിന്റെ താഴെയുള്ള മണ്ണ് ഒലിച്ച്‌പോയതാകാം ഇടിഞ്ഞ് വീഴാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം

Update: 2025-07-13 07:39 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയിലെ പുതിയ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഭാഗം വീണ്ടും തകര്‍ന്നുവീണു. ശനിയാഴ്ച രാത്രി കനത്ത മഴയെ തുടര്‍ന്നാണ് ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞത്. കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ, ഏകദേശം 500 കോടി രൂപ ചിലവില്‍ നിര്‍മിച്ച വിമാനത്താവളത്തിന്റെ സുരക്ഷാമതിലിലാണ് തകര്‍ച്ച. മഴവെള്ളം ചുറ്റുമതിലിന് കീഴിലുള്ള മണ്ണ് ഒലിപ്പിച്ചതാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം എന്നാണ് പ്രദേശവാസികളുടെ പ്രാഥമിക വിലയിരുത്തല്‍. ഇതിനോടകം തന്നെ നിരവധി പ്രദേശങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായിട്ടുണ്ട്. ബിച്ഛിയ അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകുന്നു.

ഇത് ആദ്യമായല്ല വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീഴുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഴക്കാലത്തും സമാനമായ അവസ്ഥയാണ് ഉണ്ടായത്. വിമാനത്താവളത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനം തുടങ്ങും മുന്‍പായിരുന്നു അന്നത്തെ തകര്‍ച്ച. വിന്ധ്യ മേഖലയില്‍ 323 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന രേവ വിമാനത്താവളം 18 മാസത്തിനകം പൂര്‍ത്തിയാക്കിയ പദ്ധതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയില്‍ നിന്ന് വെര്‍ച്വല്‍ വഴി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. നിലവില്‍ രേവഭോപ്പാല്‍, ഖജുരാഹോജബല്‍പുര്‍ റൂട്ടുകളിലായി വിമാന സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ.

തകര്‍ന്ന ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് നിര്‍മാണം നടത്തിയതോയെന്ന കാര്യത്തില്‍ പരിശോധന ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News