പിതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ തെളിവില്ല; സഹകരണ ബാങ്ക് ജീവനക്കാരനായ മകനെ വെറുതേ വിട്ട് കോടതി
പിതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ തെളിവില്ല; സഹകരണ ബാങ്ക് ജീവനക്കാരനായ മകനെ വെറുതേ വിട്ട് കോടതി
കൊച്ചി: പിതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മകനെ വെറുതെ വിട്ട് ഹൈക്കോടതി. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മകനും സഹകരണ ബാങ്ക് ജീവനക്കാരനുമായ ഏബ്രഹാമിനെ (ജോസി) യാണ് ഹൈക്കോടതി മതിയായ തെളിവില്ലെന്നു വിലയിരുത്തി വിട്ടയച്ചത്.
ജോസിന്റെ പിതാവ് സ്‌കറിയ(65)കൊല്ലപ്പെട്ട കേസിലാണ് ജോസിനെ വെറുതേ വിട്ടത്. 2013 നവംബര്‍ 15നായിരുന്നു സംഭവം. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ തെളിവുകളിലെ പൊരുത്തക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനു സാഹചര്യങ്ങള്‍ കൃത്യമായി സ്ഥാപിക്കാനായില്ലെന്നു കോടതി പറഞ്ഞു.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏബ്രഹാമിന്റെ അപ്പീല്‍ അനുവദിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതിക്കായി സീനിയര്‍ അഭിഭാഷകന്‍ പി.വിജയഭാനു ഹാജരായി.