സുപ്രീംകോടതിക്കും രക്ഷയില്ല; യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ലൈവ് സ്ട്രീമിങ്ങ് പരിശോധിച്ചാല്‍ കാണുക ക്രിപ്റ്റോ കറന്‍സി പരസ്യം; അന്വേഷണം തുടങ്ങി

സുപ്രീംകോടതിക്കും രക്ഷയില്ല; യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

Update: 2024-09-20 08:50 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു.ചാനലില്‍ നിറയെ ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിഡിയോകളാണ്.ഇന്ന് രാവിലെയോടെയാണ് കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്.നിലവില്‍ ഹാക്കര്‍മാര്‍ യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ ലാബിന്റെ എക്സ്.ആര്‍.പി എന്ന ക്രിപ്റ്റോ കറന്‍സിയുടെ വിഡിയോകളാണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് തുടങ്ങിയത്.യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക.ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്.സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പരിശോധന ആരംഭിച്ചു.

ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെയും പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകള്‍ സ്ട്രീം ചെയ്യാനാണ് സുപ്രീം കോടതി യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്.അടുത്തിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിന്റെ വിചാരണകള്‍ യുട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ഇതിനുപുറമെ നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകള്‍ ഹാക്കര്‍മാര്‍ സ്വകാര്യമാക്കിയിട്ടുണ്ട്.സുപ്രധാന കേസുകളില്‍ പലതിന്റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ചാനലിലെ കോടതി വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.ജുഡീഷ്യറിയുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം വ്യാജ സുപ്രീംകോടതി വെബ്‌സൈറ്റ് ഉപയോഗിച്ചുള്ള ഫിഷിങ് ആക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നതിന് മുമ്പ് അഭിഭാഷകര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കിയിരുന്നു.

Tags:    

Similar News