മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന് വയോധികയുടെ ആഗ്രഹം; ആഗ്രഹം പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മരണം; വയോധികയുടെ ആഗ്രഹം പോലെ മരണാനന്തര ചടങ്ങില്‍ പാട്ടും ഡാന്‍സും ആഘോഷമാക്കി കുടുംബം
മരിച്ച ഒരു പ്രിയജനത്തിന്റെ വേര്‍പിരിയലില്‍ ദുഃഖം നിറഞ്ഞുനില്‍ക്കുക സ്വാഭാവികമാണ്, അപ്പോള്‍ ആരും ആഘോഷങ്ങള്ക്കൊരുക്കമാകുക വൈകാരികമായി അസാധാരണമായിരിക്കും. എന്നാല്‍, മധുരയിലെ ഒരു കുടുംബം മരണാനന്തര ചടങ്ങിനെ ആഘോഷപൂര്‍വം മാറ്റി, ഓര്‍മ്മകളെ സ്നേഹത്തിന്റെ ഉത്സവമായി കൊണ്ടാടിയിരിക്കുകയാണ്. മരണപ്പെട്ട വ്യക്തിയുടെ ഇഷ്ടപ്രകാരം, അദ്ദേഹം വേര്‍പിരിയലിന് ശേഷം സന്തോഷവും ആഘോഷവും നിറഞ്ഞ ചടങ്ങുകള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അതുകൊണ്ടാണ് മരണ ചടങ്ങുകള്‍ ആഘോഷപൂര്ണമാക്കിയത്്.
96കാരിയും ഉസലംപെട്ടി സ്വദേശിയുമായ നാഗമ്മാളിന്റെ മരണനാന്തര ചടങ്ങുകളാണ് ബന്ധുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. നാഗമ്മാളിന്റെ തന്നെ ആഗ്രഹപ്രകാരമായിരുന്നു ഇത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ നാഗമ്മാള്‍ മരിക്കുകയും ചെയ്തു.
തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ പാട്ടും നൃത്തവുമൊക്കെയായി ബന്ധുക്കള്‍ ആഘോഷിക്കുകയായിരുന്നു. സ്ത്രീകള്‍ നാടോടിനൃത്തമായ കുമ്മിയാണ് അവതരിപ്പിച്ചത്. കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളും അവരുടേതായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമത്തിലെ മറ്റു കുടുംബങ്ങളില്‍നിന്നുള്ളവരും ചടങ്ങില്‍ പങ്കാളികളായി. കലാപരിപാടികള്‍ക്ക് ശേഷം ശോകഗാനങ്ങള്‍ കേള്‍പ്പിച്ചു. അങ്ങനെ പ്രിയപ്പെട്ട നാഗമ്മാളിനെ അവര്‍ സന്തോഷത്തോടെ പറഞ്ഞയച്ചു.
അമ്പലത്തിലെ പൂജാരിയായ പരമാതദേവറാണ് നാഗമ്മാളിന്റെ ഭര്‍ത്താവ്. രണ്ട് ആണ്മക്കളും നാല് പെണ്മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് നാഗമ്മാളിന്റെ കുടുംബം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു നാഗമ്മാളിന്റെ അന്ത്യം.