പതിനെട്ടുകാരി പൊള്ളലേറ്റു മരിച്ച നിലയില്‍; പ്രതിശ്രുത വരന്‍ അറസ്റ്റില്‍
പതിനെട്ടുകാരി പൊള്ളലേറ്റു മരിച്ച നിലയില്‍; പ്രതിശ്രുത വരന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പതിനെട്ടുകാരിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരനെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ കൃഷ്ണനഗറിലാണ് സംഭവം. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മൃതദേഹം പാതി വിവസ്ത്രമായ രീതിയിലായിരുന്നു. മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്.
മൃതദേഹം കണ്ടെത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതിശ്രുത വരനുമായി മുന്‍പ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് തീര്‍പ്പാക്കിയിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്തുപോയ പെണ്‍കുട്ടി തിരികെ വരാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പ്രതിശ്രുത വരനുമായി ബന്ധപ്പെട്ടിരുന്നു.
ആദ്യമൊന്നും പ്രതികരിക്കാത്ത അയാള്‍ പിന്നീട് പെണ്‍കുട്ടി ഉറങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.