പിന്തുടർന്നു വന്ന വാഹനത്തിന് വേഗത കുറച്ച് വഴി കൊടുത്തു; പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ മോശമായി സ്പർശിച്ച ശേഷം കടന്നുകളഞ്ഞു; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
ഉത്തർപ്രദേശ്: സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 കാരിയായ യുവതിയെ പിന്നാലെ വന്ന ബൈക്ക് യാത്രികൻ അനുചിതമായി സ്പർശിച്ച ശേഷം കടന്ന് കളഞ്ഞു. ലഖ്‌നൗവിലെ ഷഹീദ് പഥിൽ ഞായറാഴ്ച രാത്രി 10.15 ഓടെയാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയിൽ ചൊവ്വാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്തു.
എൽഡിഎ കാൺപൂർ റോഡിലെ താമസക്കാരിയാണ് യുവതി. സുശാന്ത് ഗോൾഫ് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി ഓഫീസിൽ വൈകി നടന്ന ഒരു മീറ്റിംഗിൽ പങ്കെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു. ഷഹീദ് പഥിലെ ലുലു മാളിനടുത്ത് എത്തിയപ്പോൾ ഒരു അജ്ഞാതൻ ബൈക്കിൽ അവളെ പിന്തുടരാൻ തുടങ്ങി.
ബൈക്ക് യാത്രികൻ അവളുടെ അരക്കെട്ടിൽ പിന്നിൽ നിന്ന് അനുചിതമായി അടിച്ച ശേഷം വേഗത്തിൽ സ്ഥാലം വിട്ടു.
പെട്ടന്നുണ്ടായ സംഭവത്തിൽ ഞെട്ടി ഭയന്ന യുവതിയുടെ സ്‌കൂട്ടറിൻ്റെ നിയന്ത്രണം വിട്ടു. ഇവരെ പിന്തുടരുന്ന മറ്റൊരു ബൈക്ക് യാത്രികനാണ് സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തിയത്.
യുവതി സംഭവം നടന്നയുടനെ സഹായത്തിനായി യുപി 112-ൽ ബന്ധപ്പെട്ടെങ്കിലും പരാതി നൽകുന്നതിൽ കാലതാമസം നേരിട്ടു. കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് നിരവധി പോലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങേണ്ടി വന്നതിനു ശേഷമാണ് കുറ്റകൃത്യം നടന്ന പ്രദേശത്തിൻ്റെ അധികാരപരിധിയിലുള്ള ബിജ്‌നോർ പോലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും വീഡിയോയിൽ പകർത്തിയ ബൈക്കിൻ്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് പോലീസ് പ്രതികൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും ബിജ്‌നോർ ഇൻസ്‌പെക്ടർ അരവിന്ദ് കുമാർ റാണ സ്ഥിരീകരിച്ചു.
ബൈക്ക് തന്നെ കടന്നുപോകുമെന്ന് പ്രതീക്ഷിച്ച് താൻ വേഗത കുറച്ചിരുന്നു. എന്നാൽ, അതിലുള്ളവർ തന്നെ മോശമായി സ്പർശിച്ചിട്ട് പാഞ്ഞുപോവുകയാണുണ്ടായത് എന്നും യുവതി പറയുന്നു.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബൈക്ക് നമ്പർ മനസ്സിലായിട്ടുണ്ടെന്നും, പ്രതിയുടെ വിവരം കണ്ടെത്തിയതായും പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും സൗത്ത് സോൺ ഡിസിപി കേശവ് കുമാർ പറഞ്ഞു.