തിരുവണ്ണാമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം; മഴക്കെടുതി ബാധിച്ച 3.54 ലക്ഷം കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനം

തിരുവണ്ണാമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം

Update: 2024-12-03 11:58 GMT

ചെന്നൈ: തിരുവണ്ണാമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഴക്കെടുതി ബാധിച്ച 3.54 ലക്ഷം കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഉരുള്‍പൊട്ടലില്‍ അഞ്ച് കുട്ടികളടക്കം ഏഴ് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരുന്നു. ഇന്നലെയാണ് ഇവരുടെ മൃതദേഹം എന്‍ഡിആര്‍എഫ് സംഘം കണ്ടെത്തിയത്. രാജ്കുമാര്‍, ഭാര്യ മീന (27), മകന്‍ ഗൗതം (8), മകള്‍ വിനിയ (5), രമ്യ (7), വിനോദിനി (16), മഹാ (7) എന്നിവരാണ് മരിച്ചത്.വിഒസി നഗറിലെ 11ാം സ്ട്രീറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ 14 ജില്ലകളിലായി വ്യാപക നാശ നഷ്ടമാണുണ്ടായത്. വില്ലുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല ജില്ലകളിലെ 2.11 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 1.5 കോടി ജനങ്ങളെ മഴ ബാധിച്ചതായാണ് വിവരം. പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ നിവാരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

വില്ലുപുരം, കടലൂര്‍, കല്ലുറിച്ചി ജില്ലകളിലെ കുടുംബങ്ങള്‍ക്ക് 2000 രൂപ വീതം ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News