ദീപാവലി ആഘോഷത്തിനിടെ വീടിന് തീ പിടിച്ചു; മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില അതീവ ഗുരുതരം; ദുരന്തം പടക്കം പൊട്ടിക്കുന്നതിനിടെ; സംഭവം കൊൽക്കത്തയിൽ
കൊൽക്കത്ത: ദീപാവലി മതിമറന്ന് ആഘോഷിക്കുമ്പോൾ പലരും വലിയ അപകടങ്ങളും വരുത്തിവയ്ക്കുന്നു. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം ആണ് പശ്ചിമ ബംഗാളിൽ നടന്നിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഹൗറയിൽ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീടിന് മുകളിൽ വീണാണ് തീപിടുത്തം ഉണ്ടായത്.
കുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെ, സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത വീടിന് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണച്ചു. കൃത്യ സമയത്ത് തീ അണച്ചതുകൊണ്ട് മറ്റ് വീടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനും കഴിഞ്ഞു.
പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒൻപത് വയസ്സും നാല് വയസ്സും രണ്ടര വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.