ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്ര; ഇറങ്ങുന്നതിന് മുന്‍പ് റയില്‍വെ നല്‍കിയ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിക്കാന്‍ ശ്രമം; പിടിക്കപ്പെട്ടതോടെ അമ്മ അറിയാതെ എടുത്തതാണെന്ന് വാദം; എടുത്തത് തിരികെ നല്‍കിയില്ലെങ്കില്‍ പോലീസ് കേസാക്കുമെന്ന് പറഞ്ഞതോടെ തെറ്റ് സമ്മതിച്ച് യാത്രക്കാര്‍
ന്യൂഡല്‍ഹി: ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്ര ചെയ്ത കുടുംബം റെയില്‍വെ നല്‍കിയ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായി. ഡല്‍ഹി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനിലെ കോച്ച് അസിസ്റ്റന്റാണ് സംഭവം കൈയ്യോടെ പിടികൂടിയത്. യാത്രക്കാരുടെ ബാഗുകളില്‍ നിന്നു ബെഡ്ഷീറ്റുകളും പുതപ്പുകളും ടവലുകളും പുറത്തെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദേബബ്രത സാഹു എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.
''സര്‍, നോക്കൂ, എല്ലാ ബാഗുകളില്‍നിന്നും ബെഡ്ഷീറ്റ്, പുതപ്പ്, ടവല്‍ തുടങ്ങി നാല് സെറ്റ് സാധനങ്ങളാണ് പുറത്തുവരുന്നത്. ഒന്നുകില്‍ തിരികെ നല്‍കണം, അല്ലെങ്കില്‍ 780 രൂപ നല്‍കണം,'' ഒഡിയയില്‍ ജീവനക്കാരന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് യാത്രക്കാര്‍ പിന്നീട് സമ്മതിച്ചു. അമ്മ അറിഞ്ഞുകൂടാതെയാണ് സാധനങ്ങള്‍ ബാഗില്‍ എത്തിയതെന്ന് വിശദീകരിച്ചെങ്കിലും ജീവനക്കാര്‍ അത് അംഗീകരിച്ചില്ല. ''ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുന്നവര്‍ എന്തിന് ഇത്തരം മോഷണം ചെയ്യണം?'' എന്നായിരുന്നു ജീവനക്കാരുടെ ചോദ്യം.
ശേഷം ടിടിഇ ഇടപെട്ട്, എടുത്ത സാധനങ്ങള്‍ക്കുള്ള തുക നല്‍കണം, ഇല്ലെങ്കില്‍ പൊലീസ് കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് സാധനങ്ങളുടെ എണ്ണത്തെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം അരങ്ങേറിയതായി ദൃശ്യങ്ങളില്‍ കാണാം. റെയില്‍വെ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ഫസ്റ്റ് ക്ലാസ് എസി യാത്രക്കാര്‍ക്ക് മാത്രമാണ് ബെഡ്ഷീറ്റ്, പുതപ്പ്, ടവല്‍ എന്നിവ സൗജന്യമായി നല്‍കാറുള്ളത്. ഈ സൗകര്യം ദുരുപയോഗം ചെയ്ത സംഭവമായതിനാല്‍ യാത്രക്കാരുടെ പ്രവൃത്തി വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.