അപൂര്‍വയിനം പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റിയും വാഹനമോടിച്ചും യുട്യൂബര്‍; വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഇടപെട്ട് വനംവകുപ്പ്

Update: 2024-12-31 05:21 GMT

ചെന്നൈ: പാമ്പിനൊപ്പം വീഡിയോ ചെയ്ത യൂട്യൂബര്‍ വിവാദത്തില്‍. 'ടി ടി എഫ് വാസന്‍' എന്ന യൂട്യൂബറാണ് പാമ്പിനൊപ്പമുള്ള വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാസന്‍ മുന്‍പും പല കേസുകളില്‍ പ്രതയാണ്. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകള്‍ വാസനെതിരെ എടുത്തിട്ടുണ്ട്. പാമ്പിനെ കൈയ്യില്‍ ചുറ്റിയുള്ള വീഡിയേയാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. താന്‍ പാമ്പിനെ വളര്‍ത്താന്‍ തീരുമാനിച്ചതായി വാസന്‍ അടുത്തിടെ സബ്സ്‌ക്രൈബേഴ്‌സിനെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ കോയമ്പത്തൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് പാമ്പിനെ വാങ്ങാന്‍ പോകുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് അപൂര്‍വ ഇനത്തില്‍ പ്പെട്ട പാമ്പിനെ വാങ്ങുകയും അതിനെ കൈയ്യില്‍ ചുറ്റി വാഹനം ഓടിക്കുന്നതും കഴുത്തില്‍ ഇടുന്നതുമൊക്കെ വീഡിയോയില്‍ ഉണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് ഇടപെട്ടു.

1976ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴില്‍ ഉള്‍പ്പെടാത്ത വിദേശ സ്പീഷീസായ ബോള്‍ പൈത്തണെയാണ് യൂട്യൂബര്‍ സ്വന്തമാക്കിയത്. നിയമപരമായ രീതിയില്‍ ഈ പാമ്പിനെ വാങ്ങാനും വീട്ടില്‍ വളര്‍ത്താനുമുള്ള അവകാശമുണ്ട്. യൂട്യൂബര്‍ നിയമങ്ങള്‍ പാലിച്ചാണോ പാമ്പിനെ വാങ്ങിയതെന്നും പാമ്പിനെ വിറ്റയാളുടെ കൈവശം ആവശ്യമായ രേഖകള്‍ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ചു വരികയാണെന്ന് ചെന്നൈ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മനീഷ് മീണ പറഞ്ഞു.

ഡിസംബര്‍ ഇരുപത്തിയെട്ടിനാണ് 25 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. താനൊരു മൃഗസ്നേഹിയെണെന്നും എന്തുകൊണ്ടാണ് പാമ്പിനെ വാങ്ങാന്‍ തീരുമാനിച്ചതെന്നുമൊക്കെ വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് പാമ്പിനെ വാസന്‍ സ്വന്തമാക്കുന്നത്.

Tags:    

Similar News