പ്രായപൂര്‍ത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചാലും കുറ്റകരമല്ല; ചര്‍ച്ചയായി ഛത്തീസ്ഗഡ് ഹൈക്കോടതി വിധി

Update: 2025-02-12 06:37 GMT

റായ്പുര്‍: പ്രായപൂര്‍ത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗത്തിനോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിനോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോ ഭര്‍ത്താവിന് ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാര്‍ വ്യാസിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യയുടെ പ്രായം 15 വയസ്സിന് താഴെയല്ലെങ്കില്‍ ഭര്‍ത്താവ് ഭാര്യയുമായി നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ സെക്ഷന്‍ 376ഉം 377ഉം പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ വിധി പറയുകയായിരുന്നു കോടതി. 2017ല്‍ ഡിസംബര്‍ 11നാണ് ഈ സംഭവം നടന്നത്.

ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെ തന്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി മരണമൊഴി നല്‍കിയിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമാണ് മരണകാരണമെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരും സ്ഥിരീകരിച്ചിരുന്നു. വിചാരണ കോടതി ഭര്‍ത്താവിന് 10 വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. ആ ശിക്ഷ ജസ്റ്റിസ് നരേന്ദ്ര കുമാറിന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

Tags:    

Similar News