കിഷ്ത്വാറിലെ വനത്തിനുള്ളിൽ എങ്ങും നിലയ്ക്കാത്ത വെടിയൊച്ചകൾ; ഒളിഞ്ഞിരിക്കുന്ന ഭീകരരെ തുരത്തുന്നതിനിടെ സൈനികന് വീരമൃത്യു; തിരച്ചിൽ തുടരുന്നു; പ്രദേശത്ത് അതീവ ജാഗ്രത

Update: 2026-01-19 11:38 GMT

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ കനത്ത ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികനായ ഹവീൽദാർ ഗജേന്ദ്ര സിങ് വീരമൃത്യു വരിച്ചു. പാകിസ്താൻ കേന്ദ്രീകൃത ജെയ്‌ഷെ മുഹമ്മദ് ഭീകരരെ തുരത്തുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച 'ഓപ്പറേഷൻ ട്രാഷി-I' എന്ന സൈനിക നീക്കത്തിനിടെയാണ് ഈ സംഭവം.

ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി യൂണിറ്റായ വൈറ്റ് നൈറ്റ് കോർപ്‌സ് ഞായറാഴ്ച ഉച്ചയോടെയാണ് കിഷ്ത്വാറിലെ ചത്രൂവിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചത്. മേഖലയിൽ പാകിസ്താൻ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 'ഓപ്പറേഷൻ ട്രാഷി-I' ന് തുടക്കം കുറിച്ചത്.

തിരച്ചിൽ സംഘം വനത്തിനുള്ളിലേക്ക് നീങ്ങവെ ഒളിച്ചിരുന്ന മൂന്ന് ഭീകരർ സൈനികർക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. സുരക്ഷാവലയം ഭേദിച്ച് രക്ഷപ്പെടാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. ഈ ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ചീളുകൾ തറച്ച് മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

Tags:    

Similar News