ആദ്യം വെള്ളത്തിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയതും കൂട്ടനിലവിളി; അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ തടാകത്തിൽ പെട്ട് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തണുത്തുറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശും മലപ്പുറം സ്വദേശി മാധവ് മധുവുമാണ് മരിച്ചത്. തടാകത്തിൽ വീണ മറ്റൊരു സഹയാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഗുവഹാത്തി വഴി അരുണാചലിലെത്തിയ ഏഴംഗ വിനോദസഞ്ചാര സംഘത്തിലെ അംഗങ്ങളായിരുന്നു ബിനുവും മാധവും. ആദ്യം വെള്ളത്തിൽ വീണയാൾ രക്ഷപ്പെട്ടെങ്കിലും, രക്ഷാപ്രവർത്തനത്തിനിടെ ബിനുവും മാധവും തടാകത്തിലേക്ക് വീഴുകയായിരുന്നു. ബിനു പ്രകാശിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തിയെങ്കിലും, മാധവ് മധുവിന്റെ മൃതദേഹം ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് കണ്ടെത്താനായത്.
അപകടവിവരം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് പോലീസിന് ലഭിച്ചത്. തുടർന്ന്, പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും കേന്ദ്രസേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും കാരണം വെള്ളിയാഴ്ച രാത്രി തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. മോശം സാഹചര്യങ്ങളെ അതിജീവിച്ചാണ് രക്ഷാപ്രവർത്തന സംഘം മൃതദേഹങ്ങൾ കണ്ടെത്തിയത്.