ഝാൻസി ആശുപത്രിയിൽ നടന്ന തീപിടുത്ത ദുരന്തം; രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ കൂടി മരിച്ചു; മരണസംഖ്യ 17 ആയി ഉയർന്നു; കണ്ണീരോടെ ബന്ധുക്കൾ
ലക്നൌ: ഝാൻസി ആശുപത്രിയിൽ നടന്ന തീപിടുത്ത ദുരന്തം വളരെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇപ്പോഴിതാ ദുരന്തത്തിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കൂടി മരണം സ്ഥിരീകരിച്ചു. ഇതോടെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം പതിനേഴ് ആയി ഉയർന്നു.
നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങി എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ പറയുന്നത്. അഗ്നിബാധ ഉണ്ടായ ദിവസം പത്ത് ശിശുക്കളാണ് അതിദാരുണമായി മരിച്ചത്.
ഏഴ് പേർ മറ്റ് അസുഖങ്ങളേ തുടർന്ന് മരിക്കുകയും ചെയ്തു. ശനിയാഴ്ച മരിച്ച രണ്ട് കുട്ടികളുടേയും മരണ കാരണമായത് മറ്റ് അസുഖങ്ങൾ എന്നാണ് മെഡിക്കൽ കോളേജ് സ്ഥിരീകരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടു നൽകി. ഈ രണ്ട് കുട്ടികൾക്കും ജനിച്ച സമയത്തെ ഭാരം 800 ഗ്രാം മാത്രമായിരുന്നുവെന്നും ഇരുവർക്കും ഹൃദയത്തിൽ ദ്വാരമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.