കേരളത്തിലെ ആശുപത്രി മാലിന്യം തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍; മൂന്ന് വര്‍ഷത്തേക്കാണ് വിലക്ക്
ചെന്നൈ: തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച ആശുപത്രി മാലിന്യം തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ മൂന്ന് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്‍. മാലിന്യ നിര്‍മാജനത്തിനുള്ള നോഡല്‍ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കരാര്‍ ഏറ്റെടുത്ത സണ്‍ ഏജ് കരാര്‍ കമ്പനിയെയാണ് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ സംഭവം അന്തര്‍ സംസ്ഥാന തര്‍ക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിനും തമിഴ്നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തമിഴ്നാട്ടില്‍ തള്ളിയവര്‍ക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണല്‍, മാലിന്യം ചെക് പോസ്റ്റുകള്‍ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്നാടിനോടും ചോദിച്ചു.
തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മെഡിക്കല്‍ മാലിന്യക്കൂമ്പാരമായിരുന്നു. തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാന്‍ തീരുമാനിച്ചത്. ഇതിനോടകം ഇവിടെ നിന്ന് മാലിന്യം നീക്കിയിട്ടുണ്ട്.