അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ; കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയതോടെ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്; ശനിയാഴ്ച റദ്ദാക്കിയത് 30 വിമാന സര്‍വീസുകള്‍; 150 വിമാനങ്ങള്‍ വൈകി: ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും ജമ്മുവിലും താപനില മൈനസ് ആറ് വരെ
അതിശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്;
ദില്ലി: അതിശൈത്യം പിടിമുറുക്കിയതോടെ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമാകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം കൊടിയ മഞ്ഞു വീഴ്ചയും തണുപ്പുമാണ്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യോമ - റെയില്‍ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീര്‍ണമായി.
ഡല്‍ഹി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്. അതേസമയം ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും നൈസ് താപനിലയുമാണ്. മഞ്ഞു വീഴ്ച ആസ്വദിക്കാന്‍ ഇവിടേയ്ക്ക് എത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്. ഡല്‍ഹിയിലാകട്ടെ വായുമലിനീകരണവും രൂക്ഷമാണ്. 385 ആണ് വായു മലിനീകരണ സൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.
അതേസമയം മഞ്ഞില്‍ പുതച്ചിരിക്കുകയാണ് ജമ്മു കശ്മീര്‍. കനത്ത മഞ്ഞു വീഴ്ചയും മൂടല്‍മഞ്ഞും കാരണം സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് നാലു സൈനികര്‍ വീരമൃത്യു വരിച്ചു. ഹരിയാനയിലും, പഞ്ചാബിലും മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് 2 അപകടങ്ങളിലായി 7 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതല്‍ -6 വരെയാണ് ഇവിടങ്ങളിലെ താപനില.
മഞ്ഞുവീഴ്ച കാണാന്‍ ജമ്മുവിലേക്കും ഹിമാചലിലേക്കും എത്തുന്ന സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി 4 മുതല്‍ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്. താപനിലയില്‍ കാര്യമായ കുറവുണ്ടായില്ലെങ്കിലും ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും ജനുവരി 10 വരെ മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.