വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന് മന്ത്രവാദവും പൂജകളും; ഒടുവില്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് വിഴുങ്ങിയത് ജീവനുള്ള കോഴിക്കുഞ്ഞിനെ; യുവാവിന് ദാരുണാന്ത്യം: പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത് 20 സെന്റിമീറ്റര്‍ വലുപ്പമുള്ള കോഴിക്കുഞ്ഞിനെ

Update: 2024-12-17 07:46 GMT

റായ്പൂര്‍: വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ല. വിവിധ പൂജകളും മന്ത്രവാദവുമൊക്കെ ചെയ്ത് നോക്കി ഫലം ഉണ്ടായില്ല. തുടര്‍ന്ന് മന്ത്രിവാദിയുടെ വാക്ക് കേട്ട് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങി യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. കുട്ടികള്‍ ഉണ്ടാകാന്‍ ജീവനുള്ള കോഴിക്കുഞ്ഞിനെ ഈ 35 കാരനായ യുവാവ് വിഴുങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ആനന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു. കുളികഴിഞ്ഞ് വീട്ടിലെത്തിയ യുവാവിന് തലകറങ്ങുകയും പിന്നാലെ ബോധംകെട്ട് വീഴുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് യുവാവിന്റെ ശരീരത്തിനുള്ളില്‍ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവാവ് കോഴിയെ വിഴുങ്ങിയ വിവരം പുറത്തറിയുന്നത്.

ഏകദേശം 20 സെന്റിമീറ്റര്‍ വലുപ്പമുള്ള കോഴിക്കുഞ്ഞിനെയാണ് കണ്ടെത്തിയത്. താന്‍ ഇതുവരെ 1500 ഓളം പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു സംഭവം ആദ്യമാണെന്നുമാണ് യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തു ബാഗ് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവുമായി അടുപ്പമുള്ള ഗ്രാമത്തിലെ മന്ത്രവാദിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News