മീനിനെ പിടിച്ചതിന് ശേഷം അതിനെ വായില്‍ കടിച്ച് പിടിച്ച് അടുത്ത മീനിനെ പിടിക്കാന്‍ നോക്കി; മത്സ്യത്തിന്റെ തല ശ്വാസനാളത്തില്‍ കുടുങ്ങി 29കാരന് ദാരുണാന്ത്യം

Update: 2025-04-10 06:36 GMT

ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂര്‍വമായ അപകടം 29കാരന്‍ മണികണ്ഠന്റെ ജീവന്‍ എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. പതിവുപോലെ മീന്‍ പിടിക്കാനിറങ്ങിയ മണികണ്ഠന്‍ ആദ്യമായി പിടിച്ച ചെമ്പല്ലിയെ (പനങ്കൊട്ടൈ) വായിലേയ്ക്ക് വെച്ച ശേഷം അടുത്ത മത്സ്യത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു.

വായില്‍ വെച്ച മത്സ്യം മണികണ്ഠന്റെ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ശ്വാസം മുടങ്ങി, കുഴഞ്ഞ് വീണ അദ്ദേഹം അരെയപാക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തളര്‍ന്നു വീണത്. ഉടന്‍ ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ചിറകുകളും കടുപ്പമുള്ള തലയും ഉള്ള ചെമ്പല്ലിയാണ് ശ്വാസനാളിയില്‍ കുടുങ്ങിയത്. ഇത്തരം അപകടങ്ങള്‍ മൂലം മത്സ്യബന്ധനത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൈകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനായിരുന്നു യുവാവെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന യുവാവ് വീട്ടിലെ ആവശ്യത്തിനായാണ് തടാകത്തില്‍ മത്സ്യം പിടിക്കാനെത്തിയത്.

Tags:    

Similar News