പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; 20 വര്‍ഷം കഠിനതടവ്
ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് 20 വര്‍ഷം കഠിന തടവ്. മകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പിതാവ് അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നശിപ്പിച്ചുവെന്നും, അത്തരമൊരു കുറ്റവാളിയോട് ദയ കാണിക്കാന്‍ സാധിക്കില്ലെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അത് സാധാരണമാണെന്നും എല്ലാ അച്ഛന്മാരും മകളെ ഇങ്ങനെയാണ് സ്‌നേഹിക്കുന്നതെന്നുമാണ് പ്രതി മകളോട് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡനം തുടര്‍ന്നത്.
പീഡന വിവരം ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. വര്‍ഷങ്ങളോളം പിതാവിന്റെ പീഡനം സഹിച്ച പെണ്‍കുട്ടി 2023 നവംബറിലാണ് വിവരം അമ്മയോട് പറഞ്ഞത്. പിന്നീട് അമ്മ നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.