ജീവന് ഭീഷണി ഉണ്ട്; രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി; ആത്മീയ നേതാവ് 'ദലൈലാമ'യുടെ സുരക്ഷ വർധിപ്പിച്ചു; ഉത്തരവിറക്കി കേന്ദ്ര സർക്കാർ
ഡൽഹി: ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സി.ആർ.പി.എഫ്) ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. ദലൈലാമക്ക് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.
ദലൈലാമക്ക് ഹിമാചൽ പ്രദേശ് പൊലീസും മറ്റ് സുരക്ഷാ ഏജൻസികളുമാണ് മുമ്പ് സുരക്ഷ നൽകിയിരുന്നത്. ആത്മീയ നേതാവായ ദലൈലാമ ചൈനീസ് അധിനിവേശത്തെ തുടർന്ന് 1959 മുതൽ ഇന്ത്യയിലാണുള്ളത്. ഹിമാചൽ പ്രദേശിലെ ധരംശാലയിലാണ് ദലൈലാമയും അനുയായികളും കഴിയുന്നത്.
2022 ഡിസംബറിൽ ബിഹാറിലെ ബോധ്ഗയയിൽ നടന്ന പൊതുപ്രഭാഷണത്തോട് അനുബന്ധിച്ച് ദലൈലാമയുടെ സുരക്ഷ കർശനമാക്കിയിരുന്നു. ചൈനീസ് വനിതയെ സംശയാസ്പദമായ സാഹചര്യത്തിൽ ബോധ് ഗയയിൽ കണ്ടെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന കർശനമാക്കിയത്.