സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; 21കാരിയുടേത് കൊലപാതകമോ? ലക്ഷ്മി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു

Update: 2024-12-18 06:53 GMT

കോഴിക്കോട്: സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ലക്ഷ്മി ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ലക്ഷ്മി സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. സംഭവത്തില്‍കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പ്രതികരിച്ചു. രക്ഷിതാക്കളില്‍ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനികളില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും.

ലക്ഷ്മിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. നഴ്സിംഗ് കോളജില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദഹം കോട്ടയത്തേക്ക് കൊണ്ടുപോകും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലക്ഷ്മി ചൊവ്വാഴ്ച ക്ലാസില്‍ പോയിരുന്നില്ല. അസുഖമായതിനാല്‍ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാല്‍ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റല്‍ മുറി വൃത്തിയാക്കാന്‍ പതിനൊന്നരയോടെ ആളുകള്‍ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഫാനില്‍ ഷാള്‍കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കോട്ടയം കിടങ്ങൂര്‍ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ സിന്ധു ദമ്പതികളുടെ മകളാണ് ലക്ഷ്മി രാധാകൃഷ്ണന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണന്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ സംഭവസമയം ക്ലാസില്‍ പോയതായിരുന്നു.

ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഞായറാഴ്ചയാണ് നാട്ടില്‍ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു. ലക്ഷ്മിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധു പറഞ്ഞു. രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കള്‍ കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് എത്തിയത്.

Tags:    

Similar News