ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി 800 കിലോമീറ്റർ സഞ്ചരിച്ച് കുടകിലെത്തി കത്തിച്ചു; തിരികെയെത്തി പോലീസിൽ പരാതി നൽകി; ഒടുവിൽ കേസിന്റെ കുഴുക്കഴിച്ച് പോലീസ്; ഭാര്യയും കാമുകനുമടക്കം 3 പേർ പിടിയിൽ
ബംഗളൂരു: കർണാടക കുടകിലെ കാപ്പിതോട്ടത്തിൽ മൂന്നാഴ്ച മുൻപ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വന്നത് ഭാര്യയുടെ ക്രൂരത. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ രമേശ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ നിഹാരിക (29), കാമുകൻ നിഖിൽ (28), സുഹൃത്ത് അങ്കുർ എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്.
രമേശിനോട് നിഹാരിക പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ വിസ്സമ്മതിച്ചതോടെയാണ് ഭാര്യയും കാമുകനും സുഹൃത്തും ചേർന്ന് രമേശിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദിൽ വച്ചായിരുന്നു കൊല നടന്നത്. ശേഷം 800 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കുടകിലെ കാപ്പിത്തോട്ടത്തിൽ എത്തി മൃതദേഹം കത്തിച്ചത്.
ഒക്ടോബർ എട്ടിനാണ് കുടകിലെ സുന്ദികൊപ്പയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പോലീസ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാതായതോടെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കൂടി കടന്നുപോയ വാഹനങ്ങങ്ങളുടെ പരിശോധനയിൽ ഒരു ചുവന്ന ബെൻസ് കാർ ശ്രദ്ധയിൽപ്പെട്ടു. ഇത് രമേശിന്റെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ നിഹാരിക രമേശിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സംശയം തോന്നിയ പോലീസ് നിഹാരികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് നിഹാരിക പോലീസിൽ കുറ്റസമ്മതം നടത്തുകയായായിരുന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന നിഹാരിക എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരുന്നതായി പോലീസ് പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നിഹാരിക വിവാഹിതയായിരുന്നു. എന്നാൽ ആദ്യ പ്രസവത്തിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞു. ഇതിനിടെ ഹരിയാനയിൽ താമസിക്കുന്നതിനിടെ ചില സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജയിലിലായി. ഇവിടെവച്ചാണ് അങ്കുറിനെ പരിചയപ്പെടുന്നത്.
ജയിലിൽ മോചിതയായ നിഹാരിക രമേശിനെ വിവാഹം ചെയ്തു. തുടർന്ന് വളരെ ആഡംബര ജീവിതമായിരുന്നു പിന്നീട് നിഹാരിക നയിച്ചിരുന്നത്. ഇതിനിടെയാണ് അഖിലുമായി പ്രണയത്തിലാകുന്നത്. ഒരു ദിവസം നിഹാരിക ഭർത്താവിനോട് എട്ടുകോടി രൂപ ചോദിച്ചു. ഇത് നിരസിച്ചതിനെത്തുടർന്ന് കാമുകനും സുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.
മൂന്ന് പേരും ചേർന്ന് ഹൈദരാബാദിലെ ഉപ്പലിൽവച്ച് രമേശിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരികെ വീട്ടിലെത്തി പണം കൈക്കലാക്കിയ പ്രതികൾ മൃതദേഹവുമായി 800 കിലോമീറ്ററിലധികം യാത്ര ചെയ്ത് കുടകിലെത്തി. ശേഷം കാപ്പിതോട്ടത്തിൽവച്ച് മൃതദേഹം കത്തിച്ചു. തിരികെ വീണ്ടും ഹൈദരാബാദിലെത്തി സംശയം തോന്നാതിരിക്കാൻ രമേശിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുകയായിരുന്നു.