യുവതിക്ക് ഭര്‍ത്താവിനോട് വിശ്വസ്തതയില്ല; നാത്തൂന്റെ സംശയം മാറ്റാന്‍ അഗ്‌നിപരീക്ഷയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല; ഭര്‍ത്താവിന്റെയും സഹോദരിയുടെയും ക്രൂരതയില്‍ 31കാരിക്ക് ഗുരുതര പരിക്ക്; വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പാതിവ്രത്യം തെളിയിക്കാനിറങ്ങിയവര്‍ മുങ്ങി
വിജാപൂർ: ഗുജറാത്തിലെ മെഹ്സാനയിൽ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കുന്നതിനായി ഭർത്താവിന്റെ സഹോദരിയുടെയും ക്രൂരത. തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 30കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്റ്റംബർ 16-ന് വിജാപൂർ താലൂക്കിലെ ഗെരിറ്റ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, അവരുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ വിജാപൂർ പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോയിൽ, ഒരു സ്ത്രീയും മറ്റ് മൂന്ന് പുരുഷന്മാരും ചേർന്ന് യുവതിയെ തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിക്കുന്നതായി കാണാം. യുവതി വിരലുകൾ എണ്ണയിൽ മുക്കുകയും പൊള്ളലേറ്റതിനെ തുടർന്ന് വേദനയോടെ പെട്ടെന്ന് പിൻവലിക്കുകയും ചെയ്യുന്നുണ്ട്.
'യുവതിക്ക് ഭർത്താവിനോട് വിശ്വസ്തതയില്ലെന്ന് നാത്തൂൻ സംശയിച്ചിരുന്നു. അതിനാൽ ജമുനയും ഭർത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേർന്ന് യുവതിയെ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കാൻ തീരുമാനിച്ചു. യുവതി പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്ന് അവർ യുവതിയോട് പറയുകയായിരുന്നുവെന്നും' ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് ചൗഹാൻ വ്യക്തമാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു