ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ കൊണ്ട് കണ്ണിൽ കുത്തി, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു; പള്ളിക്കമ്മിറ്റിയിൽ അഴിമതിയെന്നാരോപിച്ച് പരാതി നൽകിയതിൽ പ്രതികാരം; 49കാരന്റെ കണ്ണിനും, ചെവിക്കും ഗുരുതര പരിക്ക്; കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും ഇരിങ്ങാലക്കുട പോലീസിന് 'തണുപ്പൻ മട്ട്'
തൃശൂർ: വാഹനം തടഞ്ഞ് നിർത്തി 49കാരനെ മർദിച്ച കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. അനസ് എന്നയാൾക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരിക്കുന്നത്. തൃശൂർ പുത്തൻചിറ കുഞ്ഞാലിപറമ്പിൽ വീട്ടിൽ നവാസിന്റെ പരാതിയിലാണ് കേസ്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത ആഴ്ചകൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പോലീസിനായിട്ടില്ല. അക്രമത്തിൽ നവാസിന്റെ വലത് കണ്ണിനും, വലത് ചെവിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിയുടെ ഉന്നത ബന്ധങ്ങളാണ് അറസ്റ്റ് വൈകുന്നതിന്റെ കാരണമെന്ന് പരാതിക്കാരൻ പറയുന്നു. കൂടാതെ കേസ് ഒത്തുതീർക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ മാസം 16നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ നവാസും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കവെയാണ് അക്രമമുണ്ടായത്. കാണിക്കുളങ്ങര ക്ഷേത്ര പരിസരച്ച് വെച്ചായിരുന്നു അക്രമം. മുൻവൈരാഗ്യത്തെ തുടർന്നാണ് അനസ് പരാതിക്കാരനെ അക്രമിക്കുന്നത്. നവാസ് സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിർത്തിയ പ്രതി അക്രമം അഴിച്ചു വിടുകയായിരുന്നു. താക്കോൽ കൊണ്ടായിരുന്നു പ്രതി നവാസിനെ ക്രൂരമായി മർദിച്ചത്. താക്കോൽ കൊണ്ടുള്ള ആക്രമത്തിൽ നവാസിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ശേഷം ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. അക്രമത്തിൽ നവാസിന്റെ വലത് കണ്ണിനും, വലത് ചെവിക്കും, മൂക്കിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ഇനിയും ശസ്ത്രക്രിയകൾ വേണ്ടി വരുമെന്നും നവാസ് പറയുന്നു. മർദ്ദനത്തെ തുടർന്ന് അവശനായ നവാസിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്. നവാസിന് ആഴ്ചകളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. എന്നാൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിലാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സംഭവം നടന്ന് ആഴ്‌ചകൾ പിന്നിടുമ്പോഴാണ് പോലീസ് കേസെടുക്കുന്നത്. 2023ൽ പള്ളിക്കമ്മിറ്റിയിൽ അഴിമതിയുണ്ടെന്നാരോപിച്ച് നവാസ് പരാതി നൽകിയിരുന്നു.
ഈ കേസ് കോടതിയിൽ ഇപ്പോഴും വിചാരണയിലാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് നവാസിനെ ക്രൂരമായി മർദിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 126 (2),118 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
എന്നാൽ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തത് പ്രതിയുടെ ഉന്നത തല ബന്ധം കാരണമാണെന്നാണ് പരാതിക്കാരൻ പറയുന്നത്. പരാതി പിൻവലിക്കാൻ പരാതിയിൽ നിന്നും ഭീഷണി ഉണ്ടെന്നും, പോലീസ് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.