ഇന്‍സ്റ്റായിലെ പരിചയം പ്രണയമായി; കാമുകിയ്ക്ക് നല്‍കിയ പാനീയങ്ങളില്‍ രാസലഹരി കലര്‍ത്തിയ പ്രേമ ചതി; ആ പാവം കുട്ടിയുടെ നഗ്നത അടക്കം പകര്‍ത്തി ബ്ലാക് മെയില്‍; സ്വഭാവ മാറ്റത്തിലെ ചികില്‍സയില്‍ വീട്ടുകാരും പെണ്‍കുട്ടിയും അറിഞ്ഞത് ലഹരി; ആലുങ്ങല്‍ അബ്ദുല്‍ ഗഫൂര്‍ ഒടുവില്‍ കുടുങ്ങി; കോട്ടയ്ക്കലിലെ ഈ പോക്‌സോ ഞെട്ടലാകുമ്പോള്‍

Update: 2025-03-17 11:23 GMT

മലപ്പുറം: കോട്ടക്കലില്‍ നിന്നും ഞെട്ടിപ്പിക്കും പീഡന അറസ്റ്റ്. ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവത്തിലാണ് ട്വിസ്റ്റ്. കേസില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂറിനെ (23) അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അറിയാതെയാണ് ഇയാള്‍ രാസ ലഹരി നല്‍കിയിരുന്നത്. പണം അടക്കം തട്ടിയെടുത്തു. പലവിധ ചൂഷണത്തിനും വിധേയയാക്കി. കൊടും ക്രിമിനലാണ് ഗഫൂര്‍. മയക്കുമരുന്ന് മാഫിയയിലെ കണ്ണി. സമൂഹം ജാഗ്രത കാട്ടേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയാക്കുന്നതാണ് ഈ കേസ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിന് പിന്നാലെ പാനീയങ്ങളില്‍ രാസലഹരി കലര്‍ത്തി നല്‍കി ലഹരിക്ക് അടിമയാക്കിയാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. 2020 ല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നു. നഗ്ന ദൃശ്യം പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടി എടുത്തു. ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ലഹരിക്ക് അടിമയാണെന്ന് പെണ്‍കുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിനെ അറിയിച്ചു. ഇതോടെയായിരുന്നു അറസ്റ്റ്.

പ്രതി നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News