തീവ്രവാദ ബന്ധമുള്ള പാനായിക്കുളം, നാറാത്ത് കേസുകളിലെ എന്‍.ഐ.എ അഭിഭാഷകന്‍; ഗവ. പ്ലീഡറായിരിക്കവേ പീഡന കേസില്‍ പ്രതിയായി; ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ വന്ദന കേസിലെ പ്രതിഭാഗം അഭിഭാഷകനായി; 'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ മരണം; അഡ്വ. പി.ജി. മനുവിന്റെ മരണം വീണ്ടും പ്രതിയാകുമെന്ന് ഭയന്ന്
അഡ്വ. പി.ജി. മനുവിന്റെ മരണം വീണ്ടും പ്രതിയാകുമെന്ന് ഭയന്ന്
കൊല്ലം: കരിയറില്‍ ഉന്നതങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴുള്ള വീഴ്ച്ച ചില മനുഷ്യരെ വലിയ കുഴിയിലേക്ക് തള്ളിവിടും. അഡ്വ. പി ജി മനു എന്ന ഹൈക്കോടതി അഭിഭാഷകന് സംഭവിച്ചതും മറ്റൊന്നല്ല. വളരെ സ്വാധീന ശേഷിയുള്ള ഒരു ജോലി ചെയ്യവേ ആ സ്ഥാനം ദുരുപയോഗം ചെയ്തു പീഡന കേസില്‍ പ്രതിയാകുകയും പിന്നീട് കരിയറിലേക്ക് മടങ്ങിവന്നെങ്കിലും വീണ്ടുമൊരു തിരിച്ചുവരവിന് സാധിക്കാത്ത വിധത്തില്‍ വീണ്ടും വിവാദങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് ആത്മത്യയില്‍ അഭയം തേടുന്നത്. 'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ സൈബറിടത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ മരണവും.
ഒരു പീഡന കേസില്‍ പ്രതിയായിയരുന്ന മനു വീണ്ടും മറ്റൊരു പീഡന കേസില്‍ പ്രതിയാകുമെന്ന് ഭയന്നിരുന്നതായാണ് അഡ്വ. ആളൂര്‍ പ്രതികരിച്ചത്. മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' -അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.
തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ ഏതാനും ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന മനു രണ്ടുമാസം മുന്‍പാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് കേസിന്റെ ആവശ്യങ്ങള്‍ക്കായി വീട് വാടകക്ക് എടുത്തത്. ഈ വീടിന്റെ മുകള്‍ നിലയിലായിരുന്നു മൃതദേഹം.
മറ്റൊരു പീഡനക്കേസിലെ അതിജീവിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് മനു. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.
രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതി മൊഴിനല്‍കിയിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുന്‍പാകെ മനു കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുവിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു പീഡനക്കേസ് കൂടി ഉയര്‍ന്നത്. ഭര്‍ത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭര്‍ത്താവിനോടും മറ്റും മാപ്പു പറഞ്ഞത്. മാപ്പുപറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിലുണ്ടായ മനോവിഷമമാണോ ആത്മഹത്യക്ക് കാരണം എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള കേസുകളിലെ എന്‍ഐഎ അഭിഭാഷകന്‍ കൂടിയായിരുന്നു മനു. എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളില്‍ എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. അക്കാലത്ത് പ്രഗത്ഭ അഭിഭാഷകനെന്ന നിലയില്‍ പേരെടുത്തിരുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഈ കേസുകളുടെ അഭിഭാഷകനെന്ന നിലയില്‍ മനു പലരുടെയും നോട്ടപ്പുള്ളിയുമായിരുന്നു.
പീഡന കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമാണ് ഡോക്ടര്‍ വന്ദനദാസ് കൊലക്കേസില്‍ മനു പ്രതിഭാഗം അഭിഭാഷകനായത്. അഭിഭാഷകനായ ആളൂരിനോടൊപ്പം കൊല്ലം കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ കേസ് നടപടികള്‍ നടക്കുമ്പോഴാണ് വാടകവീട്ടില്‍ വന്നിരുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മനുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന വീഡിയോയെ കുറിച്ചും അന്വേഷണമുണ്ടാകും. ഭീഷണിപ്പെടുത്തി മനു യുവതിക്കെതിരേ അതിക്രമം കാട്ടിയെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിയോ കേസോ രജിസ്റ്റര്‍ചെയ്തതായി വിവരങ്ങളില്ല. എല്ലാത്തിനും കാലുപിടിച്ച് മാപ്പ് ചോദിക്കുകയാണെന്ന് മനു പറയുന്നതും ഇയാളും കുടുംബവും കൈക്കൂപ്പി മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല.