'ഖമേനിയുടെ രക്തം വെറുതെയാകില്ല, ഇത് ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീംങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു; പകരംവീട്ടും; ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കും'; വെല്ലുവിളിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍; വലിയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും
'ഖമേനിയുടെ രക്തം വെറുതെയാകില്ല, ഇത് ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീംങ്ങള്‍ക്കെതിരായ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു
ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഖമേനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്നാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
'ഇറാന്റെ പരമോന്നത രാഷ്ട്രീയാധികാരിയും ലോകത്തെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ നേതാവുമാണ് ആയത്തുള്ള അലി ഖമേനി. അദ്ദേഹമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് ഷിയാകള്‍ക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു', മസൂദ് പെസഷ്‌കിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്‍ എല്ലാ ശക്തിയോടെയും പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ള കുറ്റവാളികള്‍ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശിഷ്ടനേതാവിന്റെ വിശുദ്ധമായ രക്തം വെറുതെയാകില്ലെന്നും അത് ഇസ്ലാമിക ലോകത്തിന്റെയും ഷിയാ ചരിത്രത്തിന്റേയും പുതിയൊരധ്യായം രചിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്റെ താല്‍ക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തിട്ടുണ്ട്. അറാഫിക്കൊപ്പം പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സെനി എജെയി എന്നിവരും ഉള്‍പ്പെടുന്ന ഇടക്കാല കൗണ്‍സിലായിരിക്കും പുതിയൊരു പിന്‍ഗാമിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ പരമോന്നത നേതാവിന്റെ ചുമതലകള്‍ വഹിക്കുക.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് പുതിയ തലവനെയും ഇറാന്‍ നിയമിച്ചു. മുന്‍ ഇറാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐആര്‍ജിസി തലവനായി ചുമതലയേല്‍ക്കുക. അതേസമം ഐആര്‍ജിസിയുടെ പ്ലാന്‍ എ്‌തൊക്കെയാണ് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് തയാറെടുക്കുന്നുവെന്നണ് ഐആര്‍ജിസി മുന്നറയിപ്പു നല്‍കിയിരിക്കുന്നത്. ഇതെന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ, പുതിയ ഭരണകൂടത്തെ ആഭ്യന്തര-ബാഹ്യ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാനാണ് ഐആര്‍ജിസി രൂപീകരിച്ചത്. ഇറാന്റെ സാധാരണ സൈന്യത്തിന്('അര്‍ട്ടേഷ്') സമാന്തരമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സാധാരണ സൈന്യം പ്രതിരോധ മന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഐആര്‍ജിസി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇറാന്റെ പരമോന്നത നേതാവിനായിരുന്നു. സ്വന്തമായി കര, നാവിക, വ്യോമസേനകളും ഇന്റലിജന്‍സ് വിഭാഗവും ഇവര്‍ക്കുണ്ട്. കൂടാതെ 'ബാസിജ്' എന്ന കരുത്തുറ്റ പാരാമിലിറ്ററി വിഭാഗവും ഇതിന്റെ ഭാഗമാണ്.
യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പുതിയ മേധാവിയായി നിയമിതനായെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം നടത്തുമെന്ന് ഐആര്‍ജിസി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രയേലിനെയും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള വന്‍ നീക്കങ്ങളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നത്.
ഐആര്‍ജിസിയുടെ വിദേശകാര്യ വിഭാഗമായ 'ഖുദ്‌സ് ഫോഴ്സ്' പശ്ചിമേഷ്യയിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇറാന്റെ ആധുനിക ബാലിസ്റ്റിക് മിസൈല്‍ ശേഖരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഐആര്‍ജിസിക്കാണ്. ഡ്രോണ്‍ സാങ്കേതികവിദ്യയിലും ഇവര്‍ ബഹുദൂരം മുന്നിലാണ്. സൈനിക മേഖലയ്ക്ക് പുറമെ, ഇറാന്റെ സാമ്പത്തിക-ബിസിനസ് രംഗങ്ങളിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. രാജ്യത്തെ നിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ പ്രധാന മേഖലകളില്‍ ഐആര്‍ജിസി നിയന്ത്രിക്കുന്ന കമ്പനികളാണ് മുന്‍പന്തിയിലുള്ളത്.
