പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് 'വിഐപി' ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്‍ക്കാട്ടുകാരന്‍

Update: 2025-07-15 03:04 GMT

കൊച്ചി: എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നക്ഷത്ര വേശ്യാലയം. അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. ലഹരി മാഫിയയുമായി ബന്ധമുള്ള സംഘമാണ് കുടുങ്ങിയത്. പല വിഐപികളുമായും ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് സൂചന.

നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണു പിടിയിലായത്. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലിയാണു സംഘത്തിനു നേതൃത്വം നല്‍കിയത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയിലായിരുന്നു. അക്ബര്‍ അലിയും പിടിയിലായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനാശാസ്യ കേന്ദ്രത്തിലൂടെ അക്ബര്‍ അലി ലക്ഷങ്ങള്‍ നേടിയെന്നാണ് ശൂചന.

രണ്ട് മാസം മുമ്പ് വൈറ്റിലയിലെ ഹോട്ടലില്‍ സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ 11 യുവതികള്‍ പിടിയിലായിരുന്നു. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരിപരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായെന്ന പേരിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. അതിനിടെയാണ് അനാശാസ്യം നടത്തിവന്ന 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ 11 പേരും മലയാളികളായിരുന്നു.

കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പരിശോധന. ഇതോടെയാണ് വാടക വീടുകളിലേക്ക് അനാശ്യാസം മാറിയത്. ലഹരി കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് ഈ വീടിന്റെ സൂചന പോലീസിന് കിട്ടിയത്. അനാശാസ്യ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ ലഹരി നല്‍കിയാണ് എത്തിച്ചിരുന്നത്. അക്ബര്‍ അലിയ്ക്ക് ലഹരി മാഫിയയുമായും ബന്ധമുണ്ട്.

പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ അക്ബര്‍ അലി വശീകരിച്ചിരുന്നത്. അതിന് ശേഷം അവരെ ലഹരിയ്ക്ക് അടിമയാക്കും. പിന്നീട് അനാശാസ്യത്തിനും കൊണ്ടു വരും. ഇത്തരം പെണ്‍കുട്ടികളെ സാമ്പത്തിക ചൂഷണത്തിനും അക്ബര്‍ അലി ഇരയാക്കിയിട്ടുണ്ട്. കൊച്ചിയിലെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചവരില്‍ നിന്നാണ് പ്രധാന കണ്ണി അക്ബര്‍ അലിയാണെന്ന് പോലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് അക്ബര്‍ അലിയേയും പിടിച്ചു. ലക്ഷങ്ങളാണ് അക്ബര്‍ അലി ഈ കേന്ദ്രത്തില്‍ നിന്നുണ്ടാക്കിയതെന്നും തെളിഞ്ഞു. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്യും.

Tags:    

Similar News