കൊച്ചിയില്‍ അലന്‍ വാക്കര്‍ ഷോക്കിടെ മോഷ്ടിച്ച ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറില്‍; രണ്ട് ഫോണുകളുടെ സിഗ്‌നലുകള്‍ ലഭിച്ചത് ഡല്‍ഹിയില്‍; അന്വേഷണസംഘം പിന്നാലെ; ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതും പ്രതിസന്ധി
കൊച്ചിയില്‍ അലന്‍ വാക്കര്‍ ഷോക്കിടെ മോഷ്ടിച്ച ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറില്‍
കൊച്ചി: ബോള്‍ഗാട്ടി പാലസില്‍ നടന്ന അലന്‍ വാക്കര്‍ ഡി.ജെ.. ഷോയ്ക്കിടെ കവര്‍ന്ന ഫോണുകളില്‍ ചിലത് ഡല്‍ഹിയിലെ ചോര്‍ ബസാറിലുണ്ടെന്ന് കണ്ടെത്തല്‍. അന്തര്‍സംസ്ഥാന മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
അതേസമയം രണ്ട് ഫോണുകളുടെ സിഗ്‌നലുകളാണ് ഡല്‍ഹിയില്‍നിന്ന് ലഭിച്ചത്. മൂന്നുപേര്‍ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങള്‍ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. ഇത് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. ചോര്‍ബസാറില്‍ നിന്നും ഫോണുകള്‍ വീണ്ടെടുക്കുക വലിയ വെല്ലുവിളിയാണ്.
36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതില്‍ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാല്‍ ഐ ഫോണുകളുടെ ലൊക്കേഷന്‍ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. സൈബര്‍ പോലീസിനു പുറമേ ഫോണ്‍ നിര്‍മാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഫോണുകളില്‍ ചിലത് ഇപ്പോഴും സഞ്ചാരത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഒക്ടോബര്‍ നാലിന് ബെംഗളൂരുവില്‍ നടന്ന അലന്‍ വാക്കര്‍ ഷോയ്ക്കിടയിലും ഫോണുകള്‍ മോഷണം പോയിരുന്നു. എന്നാല്‍ കേസെടുത്ത് സംഭവം അന്വേഷിക്കാന്‍ കര്‍ണാടക പോലീസ് തയ്യാറായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കഴിഞ്ഞദിവസം ബെംഗളൂരുവിലേക്ക് പോയി. ബെംഗളൂരുവില്‍ അലന്‍ വാക്കറുടെ ഷോ നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
കൊച്ചിയിലേത് ആസൂത്രിത മോഷണമാകാന്‍ ഇടയില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പോലീസിന്റെ വിലയിരുത്തല്‍. സംഗീതനിശയ്ക്കിടെ കാണികള്‍ തുള്ളിച്ചാടിയപ്പോള്‍ തെറിച്ചുവീണ ഫോണുകള്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാല്‍, മോഷണം ആസൂത്രിതമാണെന്ന് പിന്നീട് വ്യക്തമായി. ഷോയുടെ നാല്‍പ്പത്തഞ്ചോളം സി.സി. ടി.വി. ദൃശ്യങ്ങളടക്കം പോലീസ് ശേഷഖരിച്ചിട്ടുണ്ട്.
അലന്‍ വാക്കര്‍ ഷോ, ഫോണുകള്‍, ചോര്‍ബസാല്‍, പ്രതിസന്ധി