ഗാരന്റെക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തത് മോസ്‌കോയില്‍; ആറ് വര്‍ഷം കൊണ്ട് 8 ലക്ഷം കോടിയുടെ തട്ടിപ്പ്; ഇടപാടുകള്‍ക്ക് നല്‍കിയ പേര് 'ദൈവം', 'താലിബാന്‍', ഹാക്കര്‍ എന്നു വരെ; താന്‍ ബോസ് പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചതെന്ന് അലക്‌സേജ്; വര്‍ക്കലയില്‍ നിന്നും പിടിയിലായ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍
ഗാരന്റെക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തത് മോസ്‌കോയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ നിന്നും പിടിയിലായ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി അലക്സേജ് ബെസിയോക്കോവ്(46)നെ തിഹാര്‍ ജയിലില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് കേരളാ പോലീസ് സംഘം അലക്‌സേജിനെ ഡല്‍ഹിയില്‍ എത്തിച്ചത്. പട്യാല കോടതി റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചു. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐ ചോദ്യം ചെയ്ത ശേഷം ഇയാളെ യുഎസിനു കൈമാറും. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ കേസില്ല.
ഗ്രഡ് കാര്‍ട്ടലുകള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചാണ് അലക്‌സേജ് കോടികള്‍ സമ്പാദിച്ചത്. തട്ടിപ്പിനായി ഗാരന്റെക്‌സ്, ക്രിപ്‌റ്റോ മാക്സ് എന്നീ രണ്ടു കമ്പനികളാണ് ഇയാള്‍ നടത്തിയിരുന്നത്. മോസ്‌കോയിലാണ് ഗാരന്റെക്‌സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഗോഡ്, താലിബാന്‍, ഡ്രഗ്, ഹാക്കര്‍, ക്യാഷ് ഔട്ട്, ക്ലീന്‍ കോയിന്‍സ് തുടങ്ങിയവയാണ് ഇയാള്‍ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന പേരുകള്‍. തട്ടിപ്പിന്റെ രീതിയനുസരിച്ചാണ് പേരുകള്‍ നല്‍കിയിരുന്നത്.
96 ബില്യണ്‍ ഡോളര്‍, അതായത് എട്ട് ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ തട്ടിപ്പാണ് 2019 മുതലുള്ള ആറു വര്‍ഷംകൊണ്ട് ഇയാള്‍ നടത്തിയത്. യുഎഇയില്‍ താമസിക്കുന്ന റഷ്യന്‍ പൗരനായ അലക്സാണ്ടര്‍ മിറസെര്‍ദയും ലിത്വാനിയന്‍ പൗരനായ അലക്സേജ് ബെസിയോക്കോവും ചേര്‍ന്നാണ് ഗാരന്റെക്സ് എന്ന കമ്പനി നടത്തിയിരുന്നത്. കമ്പനിയുടെ പൂര്‍ണ ചുമതല അലക്‌സേജിനായിരുന്നു. പണമിടപാടുകള്‍ നടത്തിയതും ഇയാളാണ്. ഡാര്‍ക്ക്‌നെറ്റ് വഴിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയത്.
ആദ്യ കമ്പനിയില്‍ നിരീക്ഷണം വരുന്നുവെന്നു തോന്നിയപ്പോള്‍ തട്ടിപ്പിനായി ക്രിപ്‌റ്റോ മാക്‌സ് എന്ന ഒരു കമ്പനികൂടി തുടങ്ങി. യുഎസ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി മറ്റു രാജ്യങ്ങളുടെ ക്രിപ്റ്റോ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഹാക്കിങ്, തീവ്രവാദപ്രവര്‍ത്തനം, ലഹരി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ വഴിയായിരുന്നു തട്ടിപ്പ്.
റഷ്യയിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം നേരത്തേ ഗാരന്റെക്സിനെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, വ്യാജരേഖകള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കി ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അലക്‌സാണ്ടര്‍ മിറ സെര്‍ദയുടെ പേരിലുള്ള രേഖകളാണ് അലക്‌സേജ് ഹാജരാക്കിയത്. ഈ മാസം ആറിന് ഗാരന്റെക്സിന്റെ മൂന്ന് വെബ്സൈറ്റുകള്‍ക്കെതിരേ അമേരിക്ക നടപടിയെടുത്തു. ജര്‍മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇയാളുടെ കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം കോടി രൂപ കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ കൈമറാന്‍ അമേരിക്ക സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ ഒളിവില്‍ താമസിച്ച അലക്‌സേജിനെ പിടികൂടി കൈമാറാന്‍ നടപടിയെടുത്തത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അലക്‌സേജിന്റെ വിവരങ്ങള്‍ സിബിഐക്കാണ് കൈമാറിയത്. സിബിഐയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍ കേരള പോലീസ് പരിശോധന നടത്തിയത്. 20 വര്‍ഷം വീതം തടവുശിക്ഷ കിട്ടാവുന്ന രണ്ടു കുറ്റകൃത്യങ്ങളിലും അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ഒരു കുറ്റകൃത്യത്തിനുമാണ് അമേരിക്കയില്‍ ഇയാളുടെ പേരില്‍ കേസുള്ളത്.
അതേസമയം കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്നും ഗാരന്റെക്‌സിലെ ജീവനക്കാരന്‍ മാത്രമാണും അലക്‌സേജ് ചോദ്യംചെയ്യലില്‍ ആവര്‍ത്തിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. 'ബോസി'ന്റെ നിര്‍ദേശപ്രകാരമാണ് എക്‌സ്‌ചേഞ്ചിലെ ഇടപാടുകള്‍ നടത്തിയതെന്നാണ് ഇയാളുടെ വാദം. ബിസിനസ് പാര്‍ട്‌നറായ റഷ്യന്‍ പൗരന്‍ അലക്‌സാണ്ടര്‍ മിറ സെര്‍ദയെ ആണ് ബോസ് എന്ന് വിശേഷിപ്പിക്കുന്നത്. ജീവനക്കാരനാണെന്നാണു വാദമെങ്കിലും ഗാരന്റെക്‌സിലെ ഭരണപരമായ അധികാരങ്ങള്‍ ഇയാള്‍ക്കുണ്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റ് സെര്‍വറുകള്‍ ഹാക്ക് ചെയ്തുള്ള സൈബര്‍ ആക്രമണങ്ങള്‍, കുട്ടികളുടെ അശ്ലീല വിഡിയോകളുടെ പ്രചാരണം എന്നിവ സംബന്ധിച്ച് ഇയാള്‍ക്കു വ്യക്തമായ അറിവുണ്ടെന്നും പൊലീസിനു ബോധ്യമായിട്ടുണ്ട്.
അലക്‌സേജിന്റെ പേരില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 7 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പൊലീസിനു ലഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലായി രണ്ടും റഷ്യയില്‍ നാലും അക്കൗണ്ടുകളാണുള്ളത്. വര്‍ക്കലയില്‍ താമസിച്ചിരുന്ന ഇയാളുടെ പക്കല്‍ 4 ബൈക്കുകളുണ്ടായിരുന്നു. ഇവയെല്ലാം വാങ്ങിയതാണെന്നാണ് പറഞ്ഞതെങ്കിലും മറ്റു ചിലരുടെ പേരുകളിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെയും സിം കാര്‍ഡ് ഉള്‍പ്പെടെ നല്‍കിയവരെയും തിരിച്ചറിഞ്ഞു. ഇവര്‍ക്കു കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്നാണു പൊലീസിന്റെ നിഗമനം.
പിടികൂടുന്ന ദിവസം രാവിലെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും രണ്ട് സുഹൃത്തുക്കളും റഷ്യയിലേക്ക് പോയത്. അലക്‌സേജ് ഒഴികെയുള്ളവരെല്ലാം റഷ്യക്കാരാണ്. പിടിയിലാവുമെന്ന ഭീഷണിയുള്ളതിനാല്‍ അലക്‌സേജ് കുടുംബത്തോടൊപ്പം സഞ്ചരിക്കാറില്ലെന്നാണ് സൂചന. കഴിഞ്ഞ മാസം ഒന്‍പതിനാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. 11-ന് കുടുംബവും എത്തി. ബുധനാഴ്ച രാവിലെ കുടുംബം മടങ്ങി. വൈകീട്ടാണ് അലക്‌സേജ് മടങ്ങാനിരുന്നത്. അമേരിക്ക നടപടി കടുപ്പിച്ചതോടെയാണ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
സിബിഐ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസമായി വര്‍ക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും അലക്‌സേജ് ബെസിയോക്കോവിനായി പോലീസ് അരിച്ചുപെറുക്കുകയായിരുന്നു. ഹോം സ്റ്റേയ്ക്ക് മുന്നില്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് ഇല്ലാതിരുന്നതിനാലും കെട്ടിട നമ്പരില്‍ വ്യത്യാസമുള്ളതിനാലും വീട് പെട്ടെന്ന് കണ്ടെത്താന്‍ ആയില്ല. താമസിക്കുന്ന ഹോം സ്റ്റേയുടെ ഒന്നാം നിലയില്‍ പുറത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്ന എസ്.എസ്.ജോജിന്‍ രാജ് അലക്‌സേജിനെ കാണുന്നത്.
പ്രതിയുടെ ചിത്രവുമായാണ് പോലീസ് തിരച്ചില്‍ നടത്തിയിരുന്നത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ കണ്ടെത്തുന്നത്. കുരയ്ക്കണ്ണി കക്കോട് ലെയ്‌നിലെ സോയവില്ല എന്ന കെട്ടിടത്തിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥനോട് യഥാര്‍ഥ പേരും രാജ്യവും തന്നെയാണ് അലക്‌സേജ് പറഞ്ഞത്. പുറത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിനകത്തേക്ക് പോയ അലക്‌സേജ് ഏറെ നേരമായും പുറത്തേക്കു വന്നില്ല. പിന്നീട് യാത്രക്കൊരുങ്ങി ബാഗുമായാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഒരു കെട്ട് നോട്ടെടുത്ത് പോലീസുകാരന് കൈമാറിയ ശേഷം പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തമ്മില്‍ കണ്ടിട്ടില്ലെന്ന് കരുതിയാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ ജോജിന്‍ അലക്‌സേജിനെ തടഞ്ഞു നിര്‍ത്തി. അപ്പോഴേയ്ക്കും വര്‍ക്കല സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തിക്കഴിഞ്ഞിരുന്നു.
സ്ഥിരമായി അലക്‌സേജും കുടുംബവും ഈ ഹോം സ്റ്റേയാണ് ഒളിവ് ജീവിതത്തിന് തിരഞ്ഞെടുത്തിരുന്നത്. ചുറ്റും ഹോം സ്റ്റേകളും ഹോട്ടലുകളുമാണ്. ഒഴിഞ്ഞ ചെറിയ റോഡിലായതിനാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ വരില്ല. ഒട്ടേറെ വിദേശികള്‍ ഈ റോഡില്‍ താമസിക്കുന്നുമുണ്ട്. ചെലവ് കുറച്ച് ലളിതമായ ജീവിതശൈലിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നതെന്ന് സമീപവാസികളും ഭക്ഷണശാല ഉടമകളും പറയുന്നു.