സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുത്ത പൊലീസിന് അസ്വാഭാവികതകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല; താനൂരില്‍ നിന്ന് ആ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് യാത്ര പോയത് സ്വാഭാവികമാകും; ആലുങ്ങല്‍ റഹീമിന് ഇനി ജാമ്യം കിട്ടിയേക്കും

Update: 2025-03-16 17:01 GMT

താനൂര്‍: താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കേസിന്റെ അന്വേഷണത്തിനായി മുംബൈയിലേക്ക് പോയ പൊലീസ് സംഘം തിരിച്ചെത്തുമ്പോള്‍ അസ്വാഭാവികത എല്ലാം അകലുന്നുവെന്ന് പോലീസ്. താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ പി സുകേഷ്‌കുമാര്‍, സീനിയര്‍ സിപിഒ എ ഷമീര്‍ എന്നിവരാണ് തുടരന്വേഷണത്തിനായി മുംബൈയില്‍ പോയത്. പെണ്‍കുട്ടികള്‍ വലിയ തുക ചെലവഴിച്ച് ഹെയര്‍ ട്രീറ്റ്‌മെന്റ് നടത്തിയ സലൂണിലടക്കം സംഘം പരിശോധന നടത്തി.

സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുത്ത പൊലീസ് കേസില്‍ അസ്വാഭാവികതകളില്ലെന്ന് അറിയിച്ചു. എങ്കിലും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിവിധ സംഘടനകളും സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്ന സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിഗണിച്ച് വിശദമായ അന്വേഷണം നടത്തിയതിനു ശേഷമേ കേസ് അവസാനിപ്പിക്കൂവെന്ന് താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.

വിദ്യാര്‍ത്ഥികളെ മുംബൈയിലെത്തിച്ച എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീം(26) തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ട് പോകല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അക്ബര്‍ റഹീം ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം മുംബൈയിലേക്ക് പോയിരിക്കയാണെന്നും തിരികെ എത്തുന്നത് വരെ അപേക്ഷ നീട്ടണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ അന്വേഷണത്തിന് പ്രതിയെ ഇപ്പോള്‍ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ല എന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഇനി ജാമ്യം കിട്ടിയേക്കും.

അതേസമയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം പെണ്‍കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് ഹാജരാകാനുളള എല്ലാ സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം.

മാര്‍ച്ച് ആറിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളെ മുംബൈ-ചെന്നൈ എഗ്മാേര്‍ ട്രെയിനില്‍ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വച്ചാണ് കുട്ടികളെ കണ്ടെത്തിയത്.

Tags:    

Similar News