വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ പരാതികള്‍; പലയിടങ്ങളിലും പണം നഷ്ടമായത് സ്ത്രീകള്‍ക്ക്; ടൂവീലര്‍ മോഹിച്ചത് പണം കൊടുത്തവര്‍ അടിമുടി കബളിപ്പിക്കപ്പെട്ടു; അനന്തു കൃഷ്ണനെതിരെ നാടുനീളെ കേസുകള്‍ ഒരുങ്ങുന്നു; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് നിഗമനം
വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ പരാതികള്‍
കണ്ണൂര്‍: വന്‍കിട കമ്പനികളുടെ (പൊതു നന്മ ഫണ്ട്) സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് അറസ്റ്റിലായ യുവാവ് കണ്ണൂര്‍ ജില്ലയിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി.ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണ (26) നെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതിയാണ് അനന്ദു. കണ്ണൂര്‍ ജില്ലയിലും നിരവധി പേര്‍ക്കാണ് ഇയാളുടെ തട്ടിപ്പിനിരയായി പണം നഷ്ടമായത്.
കൊളച്ചേരി, മയ്യില്‍ വളപട്ടണം പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിലും സ്ത്രീകള്‍ക്കുമാണ് പണം നഷ്മായത്. അറുപതിനായിരം രൂപയാണ് ഒരു ടൂവിലര്‍ നല്‍കുന്നതിനായി ഇയാള്‍ വനിതകളില്‍ നിന്ന് പിരിച്ചെടുത്തത്. മയ്യില്‍ പോലിസ് സ്റ്റേഷനില്‍ ഇത് വരെ ആരും പരാതി നല്‍കിയില്ല. വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ നൂറിലേറെ പരാതികളാണ് കഴിഞ്ഞ ദിവസം മാത്രം തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇയാള്‍ക്കെതിരെ നല്‍കിയത്. തട്ടിപ്പിനിരയായവരുടെ പരാതി പ്രളയം തന്നെയായിരുന്നു സ്റ്റേഷന് മുന്‍പില്‍. ഞായറാഴ്ച്ചയും പരാതികളുമായി സ്ത്രീകള്‍ ഇവിടെയെത്തി. ഇതോടെ നൂറിലേറെ പരാതികളാണ് ലഭിച്ചതെന്ന് പൊലിസ് അറിയിച്ചു.
കോര്‍പറേറ്റ് കമ്പനികളുടെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചു. പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പിനിരയാക്കിയത് സാധാരണ സ്ത്രീകളെയും കുടുംബശ്രീ പ്രവര്‍ത്തകരെയുമാണ്. മൂവാറ്റുപുഴയില്‍ മാത്രം ഇയാള്‍ നടത്തിയത് ഒമ്പത് കോടി രൂപയുടെ തട്ടിപ്പെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ അനന്തു കൃഷ്ണനെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും നടന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള സംസ്ഥാന വ്യാപക തട്ടിപ്പാണെന്നും പൊലീസ് അറിയിച്ചു. പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം ചെയ്താണ് അനന്ദു തട്ടിപ്പ് നടത്തിയത്. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് വഴി സ്‌കൂട്ടറുകള്‍ ലഭിക്കുമെന്ന് ഇരകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണന് വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ കണ്ണൂരില്‍ നിന്നും പണം നഷ്ടപ്പെട്ടത് മയ്യില്‍, കൊളച്ചേരി' നാറാത്ത്, വളപട്ടണം മേഖലയിലെ സ്ത്രീകള്‍ക്കാണ് '60,000 രൂപ വീതമാണ് ഇയാള്‍ സ്‌കൂട്ടറിനായി സ്ത്രീകളില്‍ നിന്നും വാങ്ങിയെടുത്തത്. നിര്‍ധനരും അന്നന്ന് ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പ് കുരുക്കില്‍ കുടുങ്ങിയത്.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.