അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍; 548 കോടി സ്ഥാപനത്തിന്റെ പേരിലെത്തി; ഇരുചക്രവാഹനത്തിനായി 143 കോടി; അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാല് കോടി മാത്രവും; തട്ടിപ്പു പണം കൈപ്പറ്റിയത് ആരൊക്കെ? സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡിയും കളത്തില്‍; ആനന്ദകുമാറിനെതിരെ മൊഴി

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍

Update: 2025-02-17 08:05 GMT

മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന് വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. സോഷ്യല്‍ ബീ വെഞ്ചേഴ്‌സ് എന്ന അനന്തുവിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള 11 അക്കൗണ്ടുകള്‍ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. കൂടാതെ ഇരുചക്രവാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 20,163 പേരില്‍ നിന്നായി 60,000 രൂപവീതവും 4035 പേരില്‍ നിന്ന് 56,000 രൂപ വീതവും വാങ്ങിയതിലൂടെ 143.5 കോടി രൂപയും അനന്തുവിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

548 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. പണം പോയവഴിയിലേക്ക് ഇപ്പോഴും അന്വേഷണം നടന്നിട്ടില്ല. ഇതേക്കുറിച്ച് വ്യക്തത വന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി വീണ്ടും വര്‍ധിക്കാനാണ് സാധ്യത. തട്ടിപ്പു തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തേക്കാണ് അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തേക്കാണ് പ്രതിയെ കോടതി കസ്റ്റഡിയില്‍ വിട്ടത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ നാലേകാല്‍ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടില്‍ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചത്. കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്‌ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതില്‍ കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.

തിരഞ്ഞെടുപ്പിനും മറ്റുമായി രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിലെല്ലാം കൂടുതല്‍ വ്യക്തത വരുന്നതിന് കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടികാണിക്കുന്നു.

അതിനിടെ പകുതി വില തട്ടിപ്പില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി ഇഡി രേഖപ്പെടുത്തി. കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളാണ് ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയത്. കണ്ണൂര്‍ സീഡ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ മൊഴി നല്‍കി. ആനന്ദകുമാര്‍ ഉള്‍പ്പെടെ തട്ടിപ്പിന്റെ ഭാഗമാണെന്ന് ഭാരവാഹികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ആനന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നത്. ഇത് തട്ടിപ്പാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ആനന്ദ് കുമാര്‍ എന്‍.ജി.ഒ ഫെഡറേഷന്‍ ആജീവനാന്ത ചെയര്‍മാനാണെന്ന വിവരമാണ് പുറത്തുവന്നത്. കെ എന്‍ ആനന്ദ് കുമാര്‍, അനന്തു കൃഷ്ണന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സ്ഥാപക അംഗങ്ങള്‍. അഞ്ച് പേര്‍ക്കും പിന്തുടര്‍ച്ചാവകാശമുണ്ടെന്നും രേഖകളില്‍ പറയുന്നു. കൂടുതല്‍ അംഗങ്ങളെ നിര്‍ദേശിക്കാനുള്ള അധികാരവും ചെയര്‍മാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയര്‍മാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോള്‍ വേണമെങ്കിലും രാജി വയ്ക്കാം. പുതിയ ആളെ നിര്‍ദ്ദേശിക്കാനുള്ള അധികാരവും ആനന്ദ് കുമാറിനാണ്.

പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാമം മേധാവി കെ.എന്‍. ആനന്ദകുമാറിനൊപ്പം, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ജസ്റ്റിസ് സിഎന്‍.രാമചന്ദ്രന്‍ നായരായിരിക്കും ഉപദേശക സമിതിയുടെ ചെയര്‍മാനെന്ന കാര്യവും ട്രസ്റ്റ് ഡീഡില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുളള പ്രഫഷണല്‍ സര്‍വീസസ് ഇന്നവേഷന്‍ എന്ന സംഘടനക്കാവും പാതിവിലക്ക് സാധനങ്ങള്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്തമെന്നതും രേഖയിലുണ്ട്.

തട്ടിപ്പിന്റെ സൂത്രധാരന്‍ അനന്തുകൃഷ്ണന്‍ ആണെങ്കിലും നിയമപരമായ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ആനന്ദകുമാറിനാണെന്ന് വ്യക്തമാക്കുന്നുവെന്നതാണ് കേസില്‍ ഈ ട്രസ്റ്റ് ഡീഡിന്റെ പ്രാധാന്യം. രേഖകളിലുളള അഞ്ച് പേര്‍ക്ക് പുറമേ മറ്റ് രണ്ട് പേരെ കൂടി ആനന്ദകുമാര്‍ ട്രസ്റ്റിന്റെ ഭാഗമാക്കിയിരുന്നെന്ന വിവരവും ലഭിച്ചു.

Tags:    

Similar News