ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്; വാറന്റ് പുറപ്പെടുവിച്ചത് പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്

Update: 2024-12-21 06:55 GMT

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റാ താരം റോബിന്‍ ഉത്തപ്പക്കെതിരെ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റ് വാറന്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണല്‍ കമ്മീഷണര്‍ എസ് ഗോപാല്‍ റെഡ്ഡിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം.

റോബിന്‍ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പല ജീവനക്കാര്‍ക്കും പിഎഫ് പണം നല്‍കാതെ വഞ്ചിച്ചതായി പരാതിയുണ്ട്. ഡിസംബര്‍ നാലിന് പുറത്തിറക്കിയ നോട്ടിസിലാണ്, പിഎഫ് റീജനല്‍ കമ്മിഷണര്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉത്തപയുടെ പേരില്‍ നോട്ടിസ് അയച്ചെങ്കിലും, കൈപ്പറ്റാതെ പിഎഫ് ഓഫിസില്‍ തന്നെ തിരിച്ചെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തപ്പ വസതി മാറിയ സാഹചര്യത്തിലാണ് ഇതെന്ന് പറയുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

2022 സെപ്തംബറില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി താരം കുടുംബത്തോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. സെഞ്ചുറീസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിന്‍ ഉത്തപ്പ. ഇപ്പോള്‍ ടി വി കമന്റേറ്റര്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

ഒന്‍പതു വര്‍ഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറില്‍ ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഉത്തപ്പ. ഏകദിനത്തില്‍ 25.94 ശരാശരിയില്‍ 934 റണ്‍സും, ട്വന്റി20യില്‍ 24.90 ശരാശരിയില്‍ 249 റണ്‍സും നേടി. ഏകദിനത്തില്‍ ആറും ട്വന്റി20യില്‍ ഒരു അര്‍ധസെഞ്ചറിയും നേടി. ഇടക്കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായും കളിച്ചിരുന്നു.

Tags:    

Similar News