പണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക; അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ പുറത്ത് വന്നത് താത്കാലിക ജീവനക്കാരിയുടെ തട്ടിപ്പ്; പിടിഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട്; പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീന
കൊച്ചി: എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിന്റെ പിടിഎ ഫണ്ടിൽ നിന്ന് പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസിൽ താത്കാലിക ജീവനക്കാരി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി ഷെറീനയാണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്. നാല് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏഴ് ചെക്കുകൾ വ്യാജമായി ഉപയോഗിച്ച് ഷെറീന പണം കൈക്കലാക്കിയതായാണ് കണ്ടെത്തൽ.
കുട്ടികളുടെ ആവശ്യത്തിനായി പണമെടുക്കാൻ ഹൈസ്കൂൾ പ്രധാനാധ്യാപിക ചെക്കുമായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താത്കാലിക ജീവനക്കാരി പലപ്പോഴായി പണം പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അറിയിക്കുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ വ്യാജരേഖ ചമച്ച് പണം തട്ടിയതിനാണ് ഷെറീനയെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുമ്പ് പിടിഎ മുൻകൈയെടുത്ത് നിയമിച്ച ജീവനക്കാരിയാണ് ഷെറീന. പിടിഎയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമായിരുന്നു ഇവർക്ക്. പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നായിരുന്നു ജോലിസ്ഥലം എന്നതിനാൽ ചെക്കുകളും മറ്റ് രേഖകളും സൂക്ഷിക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുന്ന അവസരങ്ങളിലാണ് വ്യാജ ചെക്കുകൾ സമർപ്പിച്ച് പണം കൈക്കലാക്കിയത്.
മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പിൽ ജീവനക്കാരിയുമായി അടുപ്പമുള്ള സ്കൂളിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പണം തിരിച്ചടച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.