അഞ്ച് ഏക്കര്‍ സ്ഥലത്ത് ചോളത്തിനും ഗോതമ്പിനും ഇടയിലായി കറുപ്പു കൃഷി; അറസ്റ്റിലായതോടെ കുറ്റം വീട്ടുജോലിക്കാരനെ ചാരി ബിജെപി നേതാവ്; റെയ്ഡില്‍ കണ്ടെടുത്തത് എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികള്‍; വിനായക് താമ്രകര്‍ ബി.ജെ.പിയുടെ കര്‍ഷക വിഭാഗത്തിലെ നേതാവ്
അഞ്ച് ഏക്കര്‍ സ്ഥലത്ത് ചോളത്തിനും ഗോതമ്പിനും ഇടയിലായി കറുപ്പു കൃഷി
ദുര്‍ഗ്: ഫാം ഹൗസില്‍ കറുപ്പ് കൃഷി ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് വിനായക് താമ്രകര്‍ കുറ്റം ചെയ്തത് വീട്ടുജോലിക്കാരനാണെന്ന് ആരോപിച്ചു രംഗത്ത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നുമാണ് വിനായക് പോലീസില്‍ നല്‍കിയ മൊഴി. ബി.ജെ.പിയുടെ കര്‍ഷക വിഭാഗത്തിലെ അരി മില്ലിങ് സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ഏകോപന ചുമതല വഹിച്ചിരുന്ന വിനായക് തമ്രാക്കറിനെ അറസ്റ്റിലായ ദിവസം തന്നെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
ശിവനാഥ് പുഴയുടെ തീരത്തുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് ചോളത്തിനും ഗോതമ്പിനും ഇടയിലായി ഇയാള്‍ കറുപ്പ് കൃഷി ചെയ്തത്. വിനായകിനും കുടുംബത്തിനും ഗ്രാമത്തില്‍ 100 ഏക്കര്‍ സ്ഥലവും ഫാം ഹൗസും ഉണ്ട്. കുടുംബത്തിന്റെ കാര്‍ഷിക വ്യവസായങ്ങള്‍ നോക്കിനടത്തുന്നത് വിനായകാണ്. കറുപ്പ് കൃഷി ചെയ്ത സ്ഥലം വിനായകിന്റെ അകന്ന ബന്ധത്തിലുള്ള രണ്ട് സ്ത്രീകളുടെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥലത്തേക്ക് വന്നിട്ടില്ലെന്നും വിനായകാണ് എല്ലാകാര്യങ്ങളും നോക്കിനടത്തുന്നതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.
മാര്‍ച്ച് ഏഴിനാണ് വിനായക് അറസ്റ്റിലാകുന്നത്. അദ്ദേഹം കുറ്റങ്ങളെല്ലാം നിഷേധിച്ചു. 27കാരനായ വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നാണ് വിനായക് ആരോപിക്കുന്നത്. സംഭവത്തില്‍ വീട്ടുജോലിക്കാരായ വികാസ് ബിഷ്ണോയി, മനീഷ് ഠാക്കൂര്‍ (45) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
മാര്‍ച്ച് ഏഴിന് നടന്ന റെയ്ഡില്‍ എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികള്‍ അധികൃതര്‍ കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമമായ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കേസില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് നിയമസഭയുടെ കിണറ്റില്‍ പ്രതിഷേധിച്ച 9 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അവരുടെ സസ്പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ചു.
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ ശനിയാഴ്ച ഫാമിലെത്തി കറുപ്പ് തോട്ടത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് കറുപ്പ് കൃഷിയെ പറ്റി പുറംലോകമറിഞ്ഞത്..
