രാഷ്ട്രീയ ബന്ധങ്ങളുടെ ചീട്ടിറക്കി ഭൂമി തരംമാറ്റാം; ഒന്‍പതരക്കോടിയുടെ പണി മൂന്ന് കോടിക്ക് തീര്‍ക്കാമെന്ന് മോഹിപ്പിച്ചു! വ്യാജ അഭിഭാഷകന്റെ വലയില്‍ വീണ് മരടിലെ വ്യവസായിക്ക് നഷ്ടമായത് അരക്കോടി; വഞ്ചിച്ച മാള സ്വദേശി അനൂപ് ഒടുവില്‍ നിയമവലയില്‍
വ്യാജ അഭിഭാഷകന്റെ വലയില്‍ വീണ് മരടിലെ വ്യവസായിക്ക് നഷ്ടമായത് അരക്കോടി
എം.എസ്.സനില്‍ കുമാര്‍
കൊച്ചി: ഭൂമി തരംമാറ്റി നല്‍കാമെന്ന് വാഗ്ദാനം നല്‍കി റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ തൃശൂര്‍ സ്വദേശിക്കെതിരെ നിയമനടപടി. തൃശൂര്‍ ജില്ലയിലെ മാള, വടമ വില്ലേജില്‍ നൊച്ചിയില്‍ വീട്ടില്‍ ബാലന്റെ മകന്‍ എന്‍.ബി. അനൂപ് ആണ് തട്ടിപ്പ് നടത്തിയത്. 'അഡ്വക്കേറ്റ് എന്‍.കെ.ആര്‍ മൗലി' എന്ന പേരിലും 'മൗലീസ് ലീഗല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ പേരിലുമാണ് ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഷിബു തോമസിനെ സമീപിച്ചത്.
കൊച്ചിയിലെ മരട് പ്രദേശത്ത് ഷിബു തോമസിന്റെ ഉടമസ്ഥതയിലുള്ള 'സമൈറ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്' പതിമൂന്നര ഏക്കര്‍ നിലം വാങ്ങിയിരുന്നു. കോടതി മുഖേന ഈ നിലം തരം മാറുന്നതിനു ഏകദേശം ഒന്‍പതര കോടി രൂപ ചെലവാകും. എന്നാല്‍ കേരള ലാന്‍ഡ് യൂട്ടിലിറ്റി നിയമം അനുസരിച്ചു നിലം മൂന്ന് കോടി രൂപയ്ക്ക് തരം മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അനൂപ് ഷിബു തോമസിനെ സമീപിക്കുന്നത്. വാങ്ങിയ നിലം പുരയിടമാക്കി മാറ്റുന്നതിനായി നിയമസഹായം വാഗ്ദാനം ചെയ്താണ് അനൂപ് തട്ടിപ്പ് ആരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രവാസി വ്യവസായിയെ വലയിലാക്കുകയായിരുന്നു. അഡ്വ. ഷിനോ മോഹന്‍ലാല്‍ മുഖേനയാണ് അനൂപ് പരാതിക്കാരനായ ഷിബു തോമസിനെ പരിചയപ്പെടുന്നത്.
കബളിപ്പിക്കലിന്റെ 'ആശാന്‍'
ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ക്കായി രണ്ട് ഘട്ടങ്ങളിലായി 70 ലക്ഷം രൂപയാണ് അനൂപ് കൈപ്പറ്റിയത്. ആദ്യ ഗഡു ആയി 50ലക്ഷം രൂപ കൈപറ്റി. ആറു മാസത്തിനകം ഭൂമി തരം മാറ്റി നല്‍കാം എന്നായിരുന്നു കരാര്‍. എന്നാല്‍ പണം കൈപ്പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി തരംമാറ്റുന്ന കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ വിശ്വാസം നഷ്ടപ്പെട്ട വ്യവസായി പണം തിരികെ ആവശ്യപ്പെട്ടു. ഭൂമി ഉടന്‍ തരം മാറ്റി നല്‍കാമെന്നും രണ്ടാം ഗഡു ആയി 50ലക്ഷം കൂടി വേണമെന്നും അനൂപ് ആവശ്യപ്പെട്ടു. ഇതും വിശ്വസിച്ച ഷിബു തോമസ് 20ലക്ഷം കൂടി നല്‍കി.വീണ്ടും മാസങ്ങള്‍ കഴിഞ്ഞു. ഭൂമി തരം മാറ്റുന്ന കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ അനൂപ് തന്നെ കബളിപ്പിക്കുകയാണെന്ന് ഷിബു തോമസിന് ബോധ്യമായി.
പലതവണത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ 70 ലക്ഷം രൂപയില്‍ 20 ലക്ഷം രൂപ മാത്രം അനൂപ് തിരികെ നല്‍കി. ബാക്കി തുകയായ 50 ലക്ഷം രൂപയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെക്കുകളാണ് നല്‍കിയത്. എന്നാല്‍ ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ ഈ ചെക്കുകള്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി.
കോടതിയെ സമീപിച്ച് ഷിബു
ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഷിബു തോമസ് അനൂപിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാനോ പണം നല്‍കാനോ അനൂപ് തയ്യാറായില്ല. ഇതോടെയാണ് തന്നെ ബോധപൂര്‍വം വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി വ്യാജപ്പേരും സ്ഥാപനവും ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ഷിബു കോടതിയെ സമീപിച്ചത്. എന്‍.ഐ. ആക്ട് സെക്ഷന്‍ 138 പ്രകാരം പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. അഡ്വക്കേറ്റ് എന്ന വ്യാജ പദവി ഉപയോഗിച്ചതും ഗൗരവതരമായ കുറ്റമായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
