കുടുംബ പ്രശ്നങ്ങളെത്തുടർന്ന് യുവതിയും ഭർതൃമാതാവും ആഹാരം പാകം ചെയ്തിരുന്നത് രണ്ട് അടുക്കളകളിൽ; അനുവാദമില്ലാതെ ഭർത്താവ് അമ്മയ്ക്ക് നെയ്യ് നൽകി; വാക്കുതർക്കത്തിന് പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കി യുവതി
ശിവപുരി: ഭർതൃമാതാവുമായുള്ള തർക്കത്തെ തുടർന്ന് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഇംലൗഡി ഗ്രാമത്തിൽ യുവതി ആത്മഹത്യ ചെയ്തു. ജനുവരി 16-ന് രാവിലെയാണ് സംഭവം. ധനപാലിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ സോനം ജാതവാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 2018ലാണ് സോനവും ധനപാലും വിവാഹിതരായത്.
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് സോനവും ഭർതൃമാതാവും രണ്ട് അടുക്കളകളിലാണ് പാചകം ചെയ്തിരുന്നതെന്ന് ഭർത്താവ് ധനപാൽ പറഞ്ഞു. സംഭവദിവസം രാവിലെ ഭർതൃമാതാവ് സോനത്തിനോട് പാചകത്തിനായി നെയ്യ് ആവശ്യപ്പെട്ടിരുന്നു. സോനം ആദ്യം വിസമ്മതിച്ചെങ്കിലും, ധനപാലിന്റെ നിർബന്ധത്തെ തുടർന്ന് 100 ഗ്രാം നെയ്യ് നൽകി.
എന്നാൽ, സോനത്തിന്റെ എതിർപ്പിനെ അവഗണിച്ച് ധനപാൽ ഭർതൃമാതാവിന് കൂടുതൽ നെയ്യ് നൽകിയത് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കത്തിന് കാരണമായി. വാക്കുതർക്കത്തിന് പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നു. ഉടൻതന്നെ പചാവലിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ശിവപുരി ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് സോനം. നെയ്യുടെ പേരിലുള്ള തർക്കമാണ് പെട്ടെന്നുള്ള കാരണമെന്ന് കരുതുന്നുണ്ടെങ്കിലും, കുടുംബത്തിൽ നിലനിന്നിരുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ഇൻദാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് സിംഗ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.